തിരുവനന്തപുരം; നൂറു കോടി പിഴയുടെ പിടി വീണിട്ടും തുടർനടപടികൾ എടുക്കാൻ ഒന്നും ചെയ്യാതെ, വീണ്ടും ബ്രഹ്മപുരത്തെ ജനങ്ങളെ വിഷപ്പുക ശ്വസിപ്പിക്കുകയാണ് പിണറായി സർക്കാരെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബ്രഹ്മപുരത്ത് വീണ്ടും തീപിടുത്തമുണ്ടായ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ വേറെ ഏത് സംസ്ഥാനത്ത് നടക്കും ഇതുപോലൊരു കെടുകാര്യസ്ഥത. ജനങ്ങളുടെ ജീവിതം വച്ചാണ് ഈ തീക്കളിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഭരണത്തകർച്ചയുടെ, കെടുകാര്യസ്ഥതയുടെ, അഴിമതിയുടെ നേർച്ചിത്രമായിട്ടാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടുത്തമുണ്ടായത്. നിരന്തരമായ ഈ തീപിടിത്തം ജനങ്ങളിൽ കൂടുതൽ ആശങ്കയും ഭീതിയും ഉണർത്തുകയാണ്. സർക്കാരിന്റെ പൂർണ്ണ മേൽനോട്ടത്തോടെ മുഴുവൻ സമയവും ഫയർഫോഴ്‌സ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടാകും എന്നായിരുന്നു ആദ്യ തീപിടുത്തത്തിന് ശേഷം സർക്കാർ പറഞ്ഞത്, എന്നിട്ടാണ് വീണ്ടും ഈ തീപിടിത്തമെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങൾ ഇത്ര രൂക്ഷമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും ഇടതുപക്ഷവും വലതുപക്ഷവും പരസ്പരം പഴിചാരി നിൽക്കുന്നതല്ലാതെ ഇതിനു വേണ്ടിയുള്ള തുടർനടപടികളോ പരിഹാരങ്ങളോ കണ്ടെത്തുന്നതിനുള്ള മുൻകൈയെടുക്കാൻ തയ്യാറാകുന്നില്ല. ജനജീവിതം ദുസ്സഹമാക്കി,
നോക്കുകുത്തിയായി നിൽക്കുന്ന നഗരസഭയും, ‘ഒരു ചുക്കും ചെയ്യാൻ കഴിയില്ല’ എന്ന് ഉരുവിട്ടിരിക്കുന്ന കേരള സർക്കാരും ഇനിയെങ്കിലും ജനങ്ങൾക്ക് ജീവിക്കാനുള്ള അവസരം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post