തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടൻ ഇന്നസെന്റിനെക്കുറിച്ചുള്ള വൈകാരികമായ ഓർമ്മകൾ പങ്കുവച്ച് നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ. ഇന്നസെന്റിന്റെ വിയോഗത്തിൽ നഷ്ടം നമുക്ക് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടിക്കാലത്ത് അച്ഛന് ചുറ്റും കണ്ടിരുന്നവർ ഓരോരുത്തരായി അരങ്ങൊഴിയുകയാണെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എന്തു പറയണം എന്നറിയില്ല.. ഒരുപാട് ഓർമ്മകളുണ്ട്.. കുട്ടിക്കാലം തൊട്ട് സ്ഥിരമായി കാണുന്ന, ഒരുപാടു കഥകൾ പറയുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുള്ള മനുഷ്യനാണ്.. അച്ഛന്റെയും അമ്മയുടെയും കല്യാണത്തിനു മുന്നേ, ആലീസാന്റിയുടെ വള വിറ്റ കാശു കയ്യിലേൽപ്പിച്ചാണ് അച്ഛനെ തലശ്ശേരിയിലേക്കു വണ്ടി കേറ്റി വിട്ടത് എന്നു കേട്ടിട്ടുണ്ട്. എന്റെ കുട്ടിക്കാലത്ത്, അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണ്.. ഗീത് ഹോട്ടലിനു വെളിയിൽ, ഷൂട്ട് കഴിഞ്ഞു വൈകുന്നേരത്തെ ട്രങ്ക് കോളിനുവേണ്ടി കാത്തുനിന്ന പ്രതിഭാശാലികളോരോരുത്തരെയും ഓർക്കുന്നു. മറുകരയിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരുപാടു പേരുണ്ട്. നഷ്ടം നമുക്കു മാത്രമാണ്- വിനീത് ശ്രീനിവാസൻ ഫേസ്ബുക്കിൽ കുറിച്ചു.
ഇന്നസെന്റിന്റെ വിയോഗത്തിൽ നടൻ കുഞ്ചാക്കോ ബോബനും അനുശോചനം അറിയിച്ചിട്ടുണ്ട്. ഏറ്റവും മികച്ച മനുഷ്യന് വിട. ഏത് പ്രശ്‌നത്തെയും ഹാസ്യം കൊണ്ട് തരണം ചെയ്തയാൾ. തന്റേതായ ശൈലികൊണ്ടും ഭാവാഭിനയം കൊണ്ടും സംഭാഷണം കൊണ്ടും തന്റെ ആസ്വാദകരെ ഒരു സമയം ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്ത വ്യക്തിത്വം. ചിരികൊണ്ട് തന്റെ ഏറ്റവും മോശമായ സമയത്തെ അഭിമുഖീകരിക്കുകയും നർമ്മം കൊണ്ട് മരണത്തെപ്പോലും കീഴടക്കിയ ആൾ. പ്രിയപ്പെട്ട ഇന്നസെന്റ് ഏട്ടൻ. നിങ്ങളോടൊത്ത് ചിലവിട്ട ഓരോ നിമിഷങ്ങളും തന്റെ ജീവിതത്തിൽ മറക്കാനാകാത്ത ഓർമ്മകളാണെന്നും കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി.













Discussion about this post