സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ സർക്കാരിന് ചെലവിനായി കണ്ടെത്തേണ്ടത് 5000 കോടി രൂപ. 5300 കോടി രൂപ ഇന്ന് കടമെടുക്കും. ട്രഷറിയിൽ ബില്ലുകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധിയും ഇന്നാണ് അവസാനിക്കുന്നത്. പദ്ധതി നിർവഹണത്തിനും, എടുത്ത വായ്പകളുടെ പലിശയടക്കാനും എല്ലാം പണം വേണം.
വൈദ്യുതി മേഖലയിലെ പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയതിനെ തുടർന്ന് 4000 കോടി രൂപ കൂടി വായ്പയെടുക്കാൻ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. അതേസമയം ഭൂരിപക്ഷം ബില്ലുകളും ഇന്നത്തെ ദിവസം കൊണ്ട് ട്രഷറിയിൽ എത്തുമെന്നാണ് ധനവകുപ്പ് പറയുന്നത്. ഈ മാസം കടന്ന് പോയാലും അടുത്ത മാസം ആദ്യം പെൻഷനും ശമ്പളവും നൽകുന്നതിനും പണം കണ്ടെത്തണം. ഏപ്രിൽ മൂന്നാം വാരം മാത്രമേ അടുത്ത സാമ്പത്തിക വർഷം കേരളത്തിന് എടുക്കാവുന്ന കടത്തിന്റെ പരിധി കേന്ദ്രസർക്കാർ നിശ്ചയിക്കുകയുള്ളു.
പത്ത് കോടിക്ക് മുകളിൽ ബില്ലുകൾ മാറി നൽകുന്നതിന് ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണമെന്ന വ്യവസ്ഥ വച്ചും, കടുത്ത ട്രഷറി നിയന്ത്രണം നടപ്പിലാക്കിയുമാണ് കാര്യങ്ങൾ ഇതുവരെ എത്തിച്ചത്. തദ്ദേശസ്ഥാപനങ്ങൾക്കുള്ളവികസന ഫണ്ട് വിഹിതത്തിന്റെ മൂന്നാം ഗഡു പൂർണമായും നൽകാത്തതിലും ധനവകുപ്പിനെതിരെ കടുത്ത വിമർശനം ഉയരുന്നുണ്ട്.
Discussion about this post