തിരുവനന്തപുരം: തിരുവനന്തപുരം മൂലാവിളാകത്ത് നടുറോഡിൽ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതി സഞ്ചരിച്ച സ്‌കൂട്ടർ കണ്ടെത്താൻ ട്രയൽ റൺ നടത്താനൊരുങ്ങി പോലീസ്. അക്രമി ഓടിച്ച സ്‌കൂട്ടർ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് അടുത്ത ദിവസം രാത്രി ട്രയൽ റൺ നടത്തുന്നത്. സംഭവം നടന്ന് 16 ദിവസമായിട്ടും അക്രമിയെ കുറിച്ച് യാതൊരു സൂചനയും പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും അക്രമി പോകുന്ന സ്‌കൂട്ടർ ഏത് കമ്പനിയുടേയതാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. വാഹന കമ്പനികളെ ഈ ദൃശ്യങ്ങൾ കാണിച്ച് തിരിച്ചറിയാൻ ശ്രമിച്ചെങ്കിലും, വ്യത്യസ്ത അഭിപ്രായങ്ങളാണ് ലഭിച്ചത്. ഡിയോ സ്‌കൂട്ടർ ആണെന്നും, വെള്ള നിറമോ നീല നിറമോ ആണെന്നുമുള്ള അഭിപ്രായങ്ങൾ ഉണ്ടായി. ഇതിൽ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് സംഭവം നടന്ന സമയം രാത്രിയിൽ വിവിധ സ്‌കൂട്ടറുകൾ കൊണ്ടുവന്ന് ട്രയൽ റൺ നടത്തുന്നത്.
സിസിടിവികൾക്ക് മുന്നിലൂടെ അക്രമി സഞ്ചരിച്ചത് പോലെ സ്‌കൂട്ടര് ഓടിച്ച് ആ ദൃശ്യങ്ങൾ വീണ്ടും പരിശോധിച്ച് ഏത് സ്‌കൂട്ടറാണെന്ന് കണ്ടെത്തുകയാണ് ആദ്യ ലക്ഷ്യം. സ്‌കൂട്ടർ കമ്പനികളിലെ ഉദ്യോഗസ്ഥരും ദൃശ്യങ്ങൾ പരിശോധിക്കാൻ പോലീസുമായി സഹകരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Discussion about this post