പത്തനംതിട്ട: ഇലവുങ്കലിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടാൻ കാരണം ഡ്രൈവറുടെ പിഴവെന്ന് കണ്ടെത്തൽ. വാഹനം ന്യൂട്രലിൽ ഇട്ട് വളവ് കയറിയതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് കണ്ടെത്തൽ. സംഭവത്തിൽ ഡ്രൈവർ ബാലസുബ്രമഹ്ണ്യത്തിനെതിരെ പമ്പാ പോലീസ് കേസ് എടുത്തു. ഇയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള നീക്കങ്ങൾ ആർടിഒയും ആരംഭിച്ചിട്ടുണ്ട്.
ഇന്ധനം ലാഭിക്കുന്നതിന് വേണ്ടിയാണ് ഇയാൾ വാഹനം ന്യൂട്രലിൽ ഇട്ട് ഇറക്കം ഇറങ്ങിയത്. വളവുകളിൽ ഇടയ്ക്കിടെ എയർബ്രേക്ക് സംവിധാനം ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇലവുങ്കലിലെ കൊടുംവളവിൽ എത്തിയപ്പോൾ വാഹനത്തിന്റെ വേഗം കൂടി. വളവിൽ ബ്രേക്ക് ചവിട്ടി വാഹനം ഇടത്തേയ്ക്ക് തിരിയ്ക്കാൻ ശ്രമിക്കുകയായിരുന്നു ബാലസുബ്രമഹ്ണ്യം. എന്നാൽ ഇതിന് കഴിഞ്ഞില്ല. ഇതോടെ വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.
അപകടത്തിൽ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഡ്രൈവറുടെ ഭാഗത്ത് ഗുരതര പിഴവ് ഉണ്ടായതായി കണ്ടെത്തിയത്. നിലവിൽ സാരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ബാലസുബ്രമഹ്ണ്യം. ഇയാളുടെ മൊഴി പോലീസ് രേഖപ്പെടുത്തു. അലക്ഷ്യമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനാണ് കേസ് എടുത്തത്.
ഇന്നലെ ഉച്ചയോടെയായിരുന്നു 60ലധികം അയ്യപ്പഭക്തരുമായി വരുകയായിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞത്.
Discussion about this post