കോഴിക്കോട്: ഒന്നേമുക്കാൽ കോടിയുടെ സ്വർണ്ണം തട്ടിയെടുക്കാൻ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ആറ് പേർ പോലീസ് പിടിയിൽ. കാരിയർമാരായ മൂന്ന് യാത്രക്കാരെ പോലീസുകാരെന്ന വ്യാജേന വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടു പോകാനായിരുന്നു ശ്രമം. പെരിന്തൽമണ്ണ ഏലംകുളം സ്വദേശികളായ മുഹമ്മദ് സുഹൈൽ, അൻവർ അലി, മുഹമ്മദ് ജാബിർ, അമൽ കുമാർ, ഒറ്റപ്പാലം സ്വദേശി മുഹമ്മദലി മണ്ണൊർക്കാട് സ്വദേശി ബാബുരാജ് എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാത്രിയോടെയാണ് സംഭവം. കാരിയർമാർ കടത്തിക്കൊണ്ടുവരുന്ന സ്വർണം എയർപോർട്ടിന് പുറത്ത് വച്ച് കവർച്ച ചെയ്യുന്ന സംഘമാണ് പൊട്ടിക്കൽ സംഘം എന്ന പേരിൽ അറിയപ്പെടുന്നത്. ഇത്തരം സംഘങ്ങളുടെ ഭാഗമായ ആറ് പേരാണ് കരിപ്പൂർ പോലീസിന്റെ പിടിയിലായത്.
ജിദ്ദയിൽ നിന്നുള്ള വിമാനത്തിൽ കൊണ്ടുവരുന്ന സ്വർണ്ണത്തെക്കുറിച്ച് കാരിയർ സംഘത്തിലെ ഒരാളാണ് പൊട്ടിക്കൽ സംഘത്തെ അറിയിക്കുന്നത്. പൊട്ടിക്കൽ സംഘത്തിലെ ആറ് പേർക്കും വിവരമറിയിച്ച കാരിയർക്കും തുല്യമായി ഇത് വീതിക്കാനായിരുന്നു പദ്ധതി. തന്റേയും ഒപ്പമുള്ള രണ്ട് പേരുടേയും കൈവശം ഒന്നേമുക്കാൽ കോടിയുടെ സ്വർണം ഉണ്ടെന്നാണ് കാരിയർ അറിയിച്ചത്. 3.18 കിലോ സ്വർണമാണ് മൂന്ന് പേരും കൂടി കടത്തിയത്.
മുൻകൂട്ടി നിശ്ചയിച്ച പ്രകാരം രണ്ട് വാഹനങ്ങളിൽ ആയുധങ്ങളുമായി പൊട്ടിക്കൽ സംഘം കരിപ്പൂരിൽ തമ്പടിച്ചു. അതേസമയം ജിദ്ദ വിമാനത്തിൽ കാരിയർമാർ സ്വർണവുമായി എത്തുന്ന വിവരമറിഞ്ഞ് കസ്റ്റംസ് ഉദ്യോഗസ്ഥരും കാത്തുനിൽക്കുന്നുണ്ടായിരുന്നു. വിമാനത്തിൽ എത്തിയ ഉംറ യാത്രക്കാരായ ഷഫീഖ്, റമീസ്, ഫത്ത് എന്നിവരുടെ പക്കൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. പിടികൂടിയ ആളുകളുമായി കസ്റ്റംസ് വാഹനത്തിൽ വരുന്ന സമയത്താണ് പൊട്ടിക്കൽ സംഘത്തിലെ ആറ് പേരും വാഹനത്തിന് അടുത്തേക്ക് എത്തുന്നത്. തുടർന്നാണ് കരിപ്പൂർ പോലീസ് ആറുപേരെയും അറസ്റ്റ് ചെയ്തത്. കവർച്ചാ സംഘം എത്തിയ വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു.
Discussion about this post