മലപ്പുറം: അനുജത്തിയ്ക്ക് ഉപയോഗിക്കാനുള്ള യൂണിഫോമാണ് ചായം എറിയരുതെന്ന് കൈകൂപ്പി കരഞ്ഞപേക്ഷിച്ച് പെൺകുട്ടി എന്ന പേരിൽ മാതൃഭൂമിയിൽ വന്ന വാർത്ത വ്യാജമെന്ന് സ്‌കൂൾ അധികൃതർ.
മലപ്പുറം കാളികാവിലെ, മലയോര മേഖലയിലെ പ്രമുഖ സ്‌കൂളിലെ ഒരു പെൺകുട്ടിയെന്ന വ്യാജേനയാണ് വാർത്ത വന്നത്. ഇത് വലിയ ചർച്ചയ്ക്ക് വഴി ഒരുക്കുകയും ചെയ്തു. എന്നാൽ അത്തരമൊരു സംഭവമോ, അങ്ങനെ ഒരു പെൺകുട്ടിയോ ഉള്ളതായി അറിവില്ലെന്നും വ്യാജ വാർത്തയാണെന്നും സ്‌കൂൾ അധികൃതർ വ്യക്തമാക്കി. കാളികാവ് ക്രസന്റ് എച്ച്എസ്എസിലെ അദ്ധ്യാപകൻ മുജീബ് റഹ്‌മാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വാർത്ത പുറത്ത് വന്നതിന് പിന്നാലെ നിരവധി പേർ പെൺകുട്ടിയ്ക്ക് സഹായവുമായി രംഗത്തെത്തിയിരുന്നു. ഇതോടെ കാര്യമായ അന്വേഷണം സ്‌കൂൾ അധികൃതർ നടത്തി. ഇതോടെയാണ് അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നും പ്രമുഖ മാദ്ധ്യമത്തിന്റേത് സാങ്കൽപ്പിക കഥയാണെന്നും വ്യക്തമായത്.
സംഭവദിവസം പ്ലസ്ടു വിദ്യാർത്ഥികളുടെ അവസാനപരീക്ഷാ ദിനമായിരുന്നു. ഇക്കാരണത്താൽ കുട്ടികൾ സ്‌കൂൾ പരിസരത്ത് ആഘോഷപരിപാടികൾ നടത്തി. എന്നാൽ പോലീസിന്റെ നിരീക്ഷണമുണ്ടായതിനാൽ കുട്ടികൾ തൊട്ടടുത്തുള്ള അമ്പലക്കുന്ന് മൈതാനത്ത് വച്ച് ആഘോഷപരിപാടികൾ നടത്തി. ഇവിടെ വച്ച് ചായം വിതറുകയും മറ്റും നടന്നപ്പോൾ സ്വാഭാവികമായും പോലീസ് നടപടി ഉണ്ടായെന്ന് അധികൃതർ വ്യക്തമാക്കുന്നു.
സ്‌കൂൾ അധികൃതർ പ്രതികരണവുമായി രംഗത്തെത്തിയെങ്കിലും ചാനൽ ഇത് വരെ വിശദീകരണം നൽകിയിട്ടില്ല.
Discussion about this post