കറാച്ചി: പാകിസ്താനിലെ കറാച്ചിയിൽ ഹിന്ദു ഡോക്ടർ വെടിയേറ്റ് കൊല്ലപ്പെട്ടു. ക്ലിനിക്കിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കറാച്ചിയിലെ ലയാരിക്ക് സമീപത്ത് വച്ചാണ് ഡോ ബീർബൽ ജെനാനി കൊല്ലപ്പെടുന്നത്. കറാച്ചി മെട്രോപൊളിറ്റൻ കോർപ്പറേഷൻ മുൻ ആരോഗ്യ ഡയറക്ടറും നേത്രരോഗ വിദഗ്ധനുമാണ് ഡോ ബീർബൽ ജെനാനി.
ഡോ ബീർബൽ ജെനാനിയും സഹപ്രവർത്തകയായ മറ്റൊരു ഡോക്ടറും രാംസ്വാമിയിൽ നിന്ന് ഗുൽഷൻ-ഇ-ഇക്ബാലിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അജ്ഞാതരുടെ ആക്രമണം. ഇവർ സഞ്ചരിച്ച കാറിന് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ഡോ ബീർബൽ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന വനിതാ ഡോക്ടർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
ആക്രമണത്തിന് തൊട്ടുപിന്നാലെ സംഭവസ്ഥലത്തെത്തിയ പോലീസാണ് പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. വെടിയേറ്റതിന് പിന്നാലെ കാർ നിയന്ത്രണം വിട്ട് സമീപത്തുള്ള മതിലിൽ പോയി ഇടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
കൃത്യമായി ആസൂത്രണം ചെയ്ത നടപ്പാക്കിയ കൊലപാതകമാണിതെന്ന് സിറ്റി എസ്എസ്പി ആരിഫ് അസീസ് പറഞ്ഞു. എന്നാൽ കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പരിക്കേറ്റ വനിതാ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി വരികയാണെന്നും പോലീസ് അറിയിച്ചു.
Discussion about this post