ന്യൂഡൽഹി : സ്വാതന്ത്ര്യം ലഭിച്ച് ഏഴു പതിറ്റാണ്ടിലേറെയായിട്ടും പാകിസ്താനിലെ ജനങ്ങൾ സന്തുഷ്ടരല്ലെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ഭാരതത്തിൽ നിന്ന് വിഭജിക്കപ്പെട്ടത് തെറ്റായിപ്പോയെന്ന് അവർ ഇന്നും വിശ്വസിക്കുന്നു. വിപ്ലവകാരി ഹേമു കലാനിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1947-ൽ ഇത് ഭാരതമായിരുന്നു. എന്നാൽ ചിലർ ഭാരതത്തിൽ നിന്ന് വിഭജിക്കപ്പെട്ട് പോയി. അവർ ഇന്നും സന്തുഷ്ടരാണോ എന്ന് അദ്ദേഹം ചോദിച്ചു. അവിടെ ഇപ്പോൾ വേദനയാണെന്നും പാകിസ്താനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
‘ഭാരതം പാകിസ്താനെ ആക്രമിക്കണം എന്ന് ഞാൻ പറയുന്നില്ല. മറ്റുള്ളവരെ ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്ന സംസ്‌കാരം നമുക്കില്ല’ അദ്ദേഹം പറഞ്ഞു. പ്രതിരോധത്തിലൂടെ മറുപടി നൽകുന്ന ഒരു ശക്തമായ സംസ്‌കാരമാണ് നമുക്കുള്ളത് എന്ന് പാകിസ്താന് നേരെ ഇന്ത്യ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിനെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
വിഭജനം തെറ്റായിപ്പോയെന്നാണ് ഇന്നും പാകിസ്താനിലെ ജനങ്ങൾ പറയുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു. വിഭജന കാലത്ത് ഇന്ത്യയിലെത്തിയ സിന്ധി സമുദായത്തിലെ ആളുകൾ പരിപാടിയിൽ ഒത്തുകൂടിയിരുന്നു. സമ്പന്നമായ സിന്ധു സംസ്‌കാരത്തിനും മൂല്യങ്ങൾക്കും വേണ്ടിയാണ് അവർ അന്ന് ഭാരതത്തിലേക്ക് വന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post