തിരുവനന്തപുരം: ഇന്ധനം വാങ്ങിയ വകയിൽ ഒന്നരക്കോടി രൂപ കുടിശ്ശിക വരുത്തിയതിനാൽ ഇന്ധന കമ്പനികൾ വിതരണം നിർത്തിയതോടെ, തിരുവനന്തപുരത്തെ പോലീസ് പെട്രോൾ പമ്പ് പൂട്ടി. എസ് എ പി ക്യാമ്പിലെ പമ്പാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പ്രവര്‍ത്തനം നിര്‍ത്തിയത്.
പമ്പ് പൂട്ടിയതോടെ ഇവിടെ നിന്നും പോലീസ് വാഹനങ്ങള്‍ക്കുള്ള ഇന്ധന വിതരണം നിലച്ചു. എസ് എ പി ക്യാമ്പില്‍ നിന്ന് ഇന്ധനം നിറച്ചിരുന്ന പോലീസ് വാഹനങ്ങള്‍ കൃത്യനിർവഹണത്തിന് തടസമുണ്ടാകാത്ത തരത്തില്‍ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താൻ ആവശ്യപ്പെട്ട് ഡിജിപി സർക്കുലർ ഇറക്കി.
പേരൂർക്കട എസ് എ പി ക്യാമ്പില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് പെട്രോള്‍ പമ്പിലേക്ക് ഇന്ധനം വാങ്ങുന്നതിനുള്ള തുക അനുവദിക്കാനുള്ള അപേക്ഷയിൽ സാമ്പത്തിക പ്രതിസന്ധി മൂലം സര്‍ക്കാര്‍ തീരുമാനം വൈകുകയാണ്.
ഇന്ധന പ്രതിസന്ധി പരിഗണിച്ച്, മറ്റ് യൂണിറ്റുകളില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഡ്യൂട്ടിക്കായി വരുന്ന പോലീസ് വാഹനങ്ങള്‍ ഡ്യൂട്ടി നിര്‍വഹണത്തിന് ആവശ്യമായ ഇന്ധനം നിറയ്ക്കുന്നതിനുള്ള തുക കൂടി കരുതണമെന്നും ഡിജിപി നിർദേശം നൽകി.
Discussion about this post