പാലക്കാട്: കാമുകിക്കൊപ്പം ജീവിക്കാനായി ഭാര്യയേയും നാല് മക്കളേയും കൊലപ്പെടുത്തിയ കേസിൽ ഹൈക്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആമയൂർ കൂട്ടക്കൊലക്കേസ് പ്രതി റെജികുമാർ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി തെറ്റായ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണെന്നും സാഹചര്യ തെളിവുകൾ ചൂണ്ടിക്കാട്ടിയാണ് വിധിയെന്നും റെജികുമാർ ഹർജിയിൽ ആരോപിക്കുന്നു.
2008ലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച അതിക്രൂരമായ ആമയൂർ കൂട്ടക്കൊലപാതകം നടന്നത്. കാമുകിക്കൊപ്പം ജീവിക്കുന്നതിന് വേണ്ടി റെജികുമാർ ഭാര്യയേയും നാലു മക്കളേയും കൊലപ്പെടുത്തുകയായിരുന്നു. ഭാര്യ ലിസി (38), മക്കളായ അമലു (12), അമൽ (10), അമല്യ (എട്ട്), അമന്യ (മൂന്ന്) എന്നിവരെയാണ് റെജികുമാർ പൈശാചികമായി കൊലപ്പെടുത്തിയത്.
ഭാര്യയെയും മക്കളെയും മൂന്നു ഘട്ടമായി കഴുത്തിൽ മുറുക്കി ശ്വസം മുട്ടിച്ചായിരുന്നു കൊലപ്പെടുത്തിയത്. ലിസിയുടെ ജഡം സെപ്ടിക് ടാങ്കിലും അമലിന്റെയും അമന്യയുടെയും ജഡങ്ങൾ വീടിനടുത്തെ പൊന്തക്കാട്ടിലും അമലു, അമന്യ എന്നിവരുടെ മൃതദേഹങ്ങൾ വീട്ടിനുള്ളിൽ നിന്നുമാണ് കണ്ടെത്തിയത്.
കൊലപാതകത്തിനു മുമ്പ് മൂത്തമകൾ അമലുവിനെ പ്രതി മൃഗീയമായി ബലാത്സംഗം ചെയ്തായും പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കോട്ടയത്തു നിന്നാണ് പൊലീസ് അറസ്റ്റു ചെയ്തത്. പൈശാചികമായ കൊലപാതകങ്ങളാണ് നടത്തിയതെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് ഇതെന്നും നീരീക്ഷിച്ച് 2009ൽ റെജികുമാറിന് പാലക്കാട് പ്രിൻസിപ്പൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. പിന്നീട് ഹൈക്കോടതി 2014ൽ കീഴ്ക്കോടതി വിധി ശരിവെക്കുകയായിരുന്നു.
ഇത് ചോദ്യം ചെയ്താണ് റെജികുമാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിൽ പറയുന്ന കൊലപാതകങ്ങൾക്ക് ഒരു ദൃക്ഷസാക്ഷി പോലും ഇല്ല. കേസിൽ പൊലീസിന്റെ കണ്ടെത്തലുകൾ പലതും തെറ്റാണ്. തെറ്റായ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് വധശിക്ഷ വിധിച്ചതെന്നും അതിനാൽ ശിക്ഷാവിധി റദ്ദാക്കണമെന്നുമാണ് റെജികുമാറിന്റെ ആവശ്യം.
അപൂർവമായ കേസുകളിൽ മാത്രമാണ് വധശിക്ഷ നൽകുന്നത്. പ്രതിക്ക് മാനസാന്തരത്തിനുള്ള സാധ്യത പോലും കണക്കിൽ എടുക്കാതെയാണ് ഹൈക്കോടതിയും വിചാരണക്കോടതിയും ശിക്ഷ വിധിച്ചതെന്നും ഹർജിയിൽ ആരോപിക്കുന്നു.
Discussion about this post