കോഴിക്കോട്: ശമ്പളമില്ലാത്തിൽ പ്രതിഷേധിച്ച്് യൂണിഫോമിൽ ശമ്പള രഹിത സേവനം 41 ാം ദിവസം എന്ന പോസ്റ്റർ പിൻ ചെയ്ത് ജോലി ചെയ്തതിന്റെ പേരിൽ കെഎസ്ആർടിസി അച്ചടക്ക നടപടി സ്വീകരിച്ച വനിതാ കണ്ടക്ടർ അഖിലയ്ക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടി. അഖിലയെ അച്ചടക്ക നടപടിയുടെ ഭാഗമായി വൈക്കം ഡിപ്പോയിൽ നിന്നും പാലായിലേക്ക് സ്ഥലം മാറ്റിയ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ഹരീഷ് പേരടി പിന്തുണയുമായി രംഗത്തെത്തിയത്.
ഈ അടുത്ത കാലത്ത് കണ്ട സത്യസന്ധമായ ഒരു തൊഴിലാളി സമരമായിരുന്നു അഖിലയുടേത് എന്ന് നടൻ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. കുടുംബം പോറ്റാൻ ഒരു സ്ത്രീ നടത്തിയ തുറന്ന പോരാട്ടം…പക്ഷെ തൊഴിലാളി വർഗ്ഗത്തിന്റെ അട്ടിപേർ അവകാശം സ്വയം ഏറ്റെടുത്ത യജമാനൻമാർക്ക് അത് ഇഷ്ടപ്പെട്ടില്ല… തൊഴിലാളിവർഗ്ഗ ജൻമികൾ ആ സ്ത്രീ തൊഴിലാളിയോട് പ്രതികാരം തീർത്തു… നവോത്ഥാനം, വനിതാമതിൽ, സ്ത്രീസ്വാതന്ത്ര്യം.. ഒരു ഉളുപ്പുമില്ലാതെ നാഴിക്കയ്ക്ക് നാൽപത് വട്ടം സ്വന്തം ഭാഷയെ (അമ്മ മലയാളത്തെ) വ്യഭിചരിക്കാൻ ഉപയോഗിക്കുന്ന പദങ്ങളായിമാറുന്നു… ക്രാ തുഫു . എന്നായിരുന്നു ഹരീഷ് പേരടിയുടെ വാക്കുകൾ.
പോസ്റ്ററും പിൻ ചെയ്ത് കെഎസ്ആർടിസി ബസിൽ ജോലി ചെയ്യുന്ന അഖിലയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും ഒട്ടേറെ പേർ കെഎസ്ആർടിസി ജീവനക്കാർക്ക് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇത് സർക്കാരിനെയും കോർപ്പറേഷനെയും അപകീർത്തിപ്പെടുത്തുന്നതിന് ഇടവരുത്തിയെന്നാണ് കെഎസ്ആർടിസിയുടെ കണ്ടെത്തൽ.
ബിഎംഎസിന്റെ കീഴിലുളള കെഎസ്ആർടിസി ജീവനക്കാരുടെ സംഘടനയായ കെഎസ്ടി എംപ്ലോയീസ് സംഘിന്റെ സംസ്ഥാന സമിതിയംഗമാണ് അഖില എസ് നായർ. ജീവനക്കാരുടെ ശമ്പളത്തിനായി സംഘടന നടത്തുന്ന സമരങ്ങളിലെല്ലാം അഖില മുൻപിലുണ്ടാകും. അതിലുളള രാഷ്ട്രീയ വിരോധം കൂടിയാണ് നടപടിക്ക് പിന്നിൽ. അച്ചടക്ക നടപടിക്കെതിരെ കെഎസ്ടി എംപ്ലോയീസ് സംഘും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Discussion about this post