കൊച്ചി :സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ് നായകനായി എത്തുന്ന ചിത്രം ‘കുമ്മാട്ടിക്കളി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സുരേഷ് ഗോപി തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. മാധവ് സുരേഷ് നായകനായി എത്തുന്ന ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത് ആർ.കെ വിൻസെന്റ് സെൽവയാണ്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരിരിയാണ് കുമ്മാട്ടിക്കളി നിർമ്മിക്കുന്നത്.
‘നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കാൻ നിങ്ങൾ എത്ര ദൂരം പോകും?. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും പ്രതികാരത്തിന്റെയും ഇതിഹാസ കഥയ്‌ക്ക് സാക്ഷ്യം വഹിക്കാൻ തയ്യാറാകൂ. കുമ്മാട്ടിക്കളിയിലൂടെ മാധവ് സുരേഷ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പ്രഖ്യാപിക്കുന്നതിൽ അഭിമാനമുണ്ട്. നിങ്ങളുടെ അടുത്തുള്ള സിനിമാശാലകളിലേയ്‌ക്ക് ചിത്രം ഉടൻ വരുന്നു’ എന്ന് കുറിച്ചു കൊണ്ടാണ് കുമ്മാട്ടിക്കളിയുടെ ഫസ്റ്റ് ലുക്ക് സുരേഷ് ഗോപി പങ്കുവെച്ചിരിക്കുന്നത്.
കടപ്പുറവും കടപ്പുറത്ത് ജീവിതങ്ങളെയും പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് കുമ്മാട്ടിക്കളി. ചിത്രത്തിൽ ലെന, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട് ,ദിനേശ് ആലപ്പി, സോഹൻ ലാൽ, ആൽവിൻ ആന്റണി ജൂനിയർ, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ്, അനീഷ് ഗോപാൽ, റാഷിക് അജ്മൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
Discussion about this post