കൊച്ചി: ഐപിഎല്ലിൽ പ്ലേ ഓഫ് മത്സരം പൂർത്തിയാക്കാതെ കളിക്കളം വിട്ടതിന് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ അച്ചടക്കനടപടിയെടുത്തതിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് കേരള ബ്ലാസ്റ്റേഴ്‌സും പരിശീലകൻ ഇവാൻ വുകോമാനോവിച്ചും .സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെയാണ് അദ്ദേഹം പ്രസ്താവന പുറത്തുവിട്ടത്. മാർച്ച് 3 ന് സംഭവിച്ച കാര്യങ്ങളുടെ ഭാഗമാകേണ്ടി വന്നതിൽ ഖേദിക്കുന്നുവെന്ന് പരിശീലകൻ പറഞ്ഞു. സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലമാണ് ക്ലബ്ബിന് അങ്ങനെ ഒരു തീരുമാനമെടുക്കേണ്ടി വന്നതെന്നും , ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതെ നോക്കുമെന്നും ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കി.
https://twitter.com/ivanvuko19/status/1642564346273468417
മാർച്ച് 3 ന് സംഭവിച്ച കാര്യങ്ങൾ ഒരിക്കലും ആഗ്രഹിച്ചത് ആയിരുന്നില്ല. കായിക ലോകത്ത് ഇത്തരം സംഭവങ്ങൾ നടക്കാൻ ആരും ആഗ്രഹിക്കുന്നില്ല. ഇതിന്റെ ഭാഗമായതിൽ താൻ ഖേദിക്കുന്നുവെന്ന് പരിശീലകൻ പറഞ്ഞു. ഇന്ത്യയിൽ എത്തിയിട്ട് രണ്ട് വർഷമായി, രാജ്യത്തെ ഫുട്‌ബോൾ രംഗം മെച്ചപ്പെടാൻ തന്നെ കൊണ്ട് സാധിക്കുന്നത് ചെയ്യുന്നത് ഇനിയും തുടരുമെന്ന് പരിശീലകൻ വ്യക്തമാക്കി. തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞ ഇവാൻ വുകോമാനോവിച്ച്, തന്റെ പ്രവർത്തികൾക്കുള്ള പരിണിഫലങ്ങൾ എന്തായാലും അംഗീകരിച്ച് മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി.
ബ്ലാസ്റ്റേഴ്സ് ടീമിന് നാല് കോടി രൂപ പിഴയാണ് ഫെഡറേഷൻ വിധിച്ചത്. പരിശീലകൻ ഇവാൻ വുകോമാനോവിച്ചിന് പത്ത് മത്സരങ്ങളിൽ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയുമുണ്ട്. വിഷയത്തിൽ പൊതുക്ഷമാപണം നടത്താനും ക്ലബ്ബിനോട് നിർദേശിച്ചിട്ടുണ്ട്. ക്ഷമാപണം നടത്തിയില്ലെങ്കിൽ ആറ് കോടി രൂപ പിഴയടയ്ക്കണം. വുകോമാനോവിച്ചും പരസ്യമായി മാപ്പുപറയണം. അല്ലാത്തപക്ഷം പിഴ ശിക്ഷ 10 ലക്ഷമാകുമെന്നാണ് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ വ്യക്തമാക്കിയത്.
Discussion about this post