ആലപ്പുഴ: ആലപ്പുഴ കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിൽ തീയിട്ട അക്രമിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. ചുവന്ന ഷർട്ടും തൊപ്പിയും വച്ചയാളാണ് ആക്രമണം നടത്തിയതെന്ന് യാത്രക്കാർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ അക്രമി ഒരാളുടെ ബൈക്കിൽ കയറി രക്ഷപെടുന്നതിന്റെ നിർണായക സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
അക്രമിയുടേതെന്ന് കരുതുന്ന ബാഗ് റെയിൽവേ ട്രാക്കിൽ നിന്ന് കളഞ്ഞു കിട്ടിയിട്ടുണ്ട്. ഫൊറൻസിക് സംഘം ഇവിടെയെത്തി പരിശോധന നടത്തുകയാണ്. ഭക്ഷണമടങ്ങിയ ടിഫിൻ ബോക്‌സ്, പാക്കറ്റിലുള്ള ലഘുഭക്ഷണം, പേഴ്‌സ്, ടീ ഷർട്ട്, തോർത്ത്, കണ്ണട, പെട്രോൾ അടങ്ങിയ കുപ്പി, സ്ഥലപ്പേരുകളുടെ കുറിപ്പ്, ഇംഗ്ലീഷിൽ ദിനചര്യകൾ എഴുതിയ കുറിപ്പ്, ഇയർഫോണും കവറും, രണ്ട് മൊബൈൽ ഫോണുകൾ, കപ്പലണ്ടി മിഠായി എന്നിവയാണ് ബാഗിനുള്ളിൽ നിന്ന് കണ്ടെത്തിയത്. അരക്കുപ്പിയോളം പെട്രോളിന് സമാനമായ വസ്തുവും ഇതിനുള്ളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ബാഗില്‍ നിന്ന് ലഭിച്ച കുറിപ്പില്‍ ചില പേരുകള്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. ഇവയെല്ലാം ശാസ്ത്രീയ പരിശോധനയ്ക്കായി അയക്കും.
അപ്രതീക്ഷിതമായിട്ടാണ് ഇന്നലെ യാത്രക്കാർക്ക് നേരെ ആക്രമണമുണ്ടായത്. യാതൊരു പ്രകോപനവും കൂടാതെ തന്നെ ഇയാൾ യാത്രക്കാർക്ക് നേരെ പെട്രോൾ ചീറ്റിയൊഴിച്ച ശേഷം തീ കത്തിക്കുകയായിരുന്നു. ആക്രമണത്തിൽ ഇയാൾക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഒൻപത് യാത്രക്കാർക്കാണ് ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇതിൽ അഞ്ചുപേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മൂന്നുപേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കതിരൂർ സ്വദേശി അനിൽ കുമാർ, മകൻ അദ്വൈത്, ഭാര്യ സജിഷ, തളിപ്പറമ്പ് സ്വദേശി റൂബി, എറണാകുളം സ്വദേശിനി അശ്വതി, തളിപ്പറമ്പ് സ്വദേശി ജ്യോതീന്ദ്രനാഥ്, പ്രകാശൻ എന്നിവർക്കാണ് പരിക്കേറ്റത്.
Discussion about this post