ഇടുക്കി: വേനലവധിയായതോടെ കുട്ടികളെല്ലാം അവധിക്കാല ആഘോഷത്തിലാണ്. കളികളും കുട്ടിക്കുറുമ്പുമായി കുട്ടികൾ അവരുടേതായ ലോകത്തിലാണ്. എന്നാൽ സ്‌കൂൾ അദ്ധ്യാപകർക്ക് വിശ്രമമില്ല. അടുത്ത അദ്ധ്യയന വർഷത്തേക്ക് സ്‌കൂളിലേക്ക് പുതിയ കുട്ടികളെ എത്തിക്കേണ്ട തിരക്കിലാണ് അദ്ധ്യാപകർ. എത്ര വികസനമെത്തിയെന്ന് പറഞ്ഞാലും സർക്കാർ സ്‌കൂളിലേക്ക് കുട്ടികളെത്താൻ അൽപ്പം ക്യാൻവാസിങ് ഒക്കെ വേണമെന്നാണ് അദ്ധ്യാപകർ പറയുന്നത്. തങ്ങളുടെ സ്‌കൂളിന്റെ മേന്മ മറ്റുള്ളവരിലേക്ക് എത്തിച്ചാലേ കുട്ടികൾ സ്‌കൂളിലെത്തൂ. ഇത്തരത്തിൽ ഒരു സ്‌കൂളിലെ അദ്ധ്യാപകർ തയ്യാറാക്കിയ പോസ്റ്ററാണിപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.
അടിമാലി ഉപജില്ലയിലെ മുതിരപ്പുഴ ഗവ. എൽപി സ്‌കൂൾ സൂപ്പർഹിറ്റ് സിനിമ ഡയലോഗ് ഉപയോഗിച്ച് രസകരമായ പോസ്റ്ററാണ് തയ്യാറാക്കിയിരിക്കുന്നത്. 1997 ൽ രഞ്ജി പണിക്കരുടെ രചനയിൽ ജോഷി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചലച്ചിത്രമാണ് ലേലം. സുരേഷ് ഗോപിയും എംജി സോമനുമെല്ലാം തകർത്തഭിനയിച്ച സിനിമയിലെ ഒരു ഡയലോഗാണ് സ്‌കൂളിന്റെ പ്രചാരണത്തിന് ഉപയോഗിക്കുന്നത്. ‘നേരാ തിരുമേനി ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല.’ എന്ന എംജി സോമന്റെ ഹിറ്റ് ഡയലോഗ് ഉൾപ്പെടുത്തിയാണ് പരസ്യം തയ്യാറാക്കിയത്.
‘നേരാ തിരുമേനി ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല.’മരംവെട്ടുകാരനായിരുന്നു എന്റെ അപ്പൻ…സ്‌കൂളിൽ വിടാനുള്ള സാമ്പത്തികമൊന്നും ഉണ്ടായിരുന്നില്ല. പിന്നെ നമ്മുടെ മുതിരപ്പുഴ ഗവ. എൽ പി സ്‌കൂൾ പോലെ സൗജന്യവും മികച്ചതുമായ വിദ്യാഭ്യാസം കൊടുക്കുന്ന സ്‌കൂൾ അന്ന് ഉണ്ടായിരുന്നെങ്കിൽ ഈപ്പച്ചൻ ഇംഗ്ലീഷ് പറഞ്ഞേനേ. ഏത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പിള്ളേരേക്കാളും നന്നായി തന്നെ’ എന്നാണ് പരസ്യവാചകം. എന്തായാലും വളരെ പെട്ടെന്ന് തന്നെ പോസ്റ്റർ നിരവധി പേരുടെ ശ്രദ്ധയാണ് നേടിയത്.
സിനിമയിലെ ആ ഡയലോഗ്
‘നേരാ തിരുമേനി, ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല. മരംവെട്ടുകാരനായിരുന്നു എന്റെ അപ്പൻ. കൺമുമ്പിൽ വച്ച് എന്റെ അമ്മച്ചിയെ കയറിപിടിച്ച റേഞ്ചർ സായിപ്പിനെ ഒറ്റവെട്ടിന് രണ്ടു തുണ്ടാക്കീട്ട് എന്റെ അപ്പൻ ജയിലിൽ കയറുമ്പോൾ, എനിക്ക് ഒൻപതു വയസ്സ്. കഴുമരത്തേന്ന് അപ്പന്റെ ശവമിറക്കി ദാ, ഇങ്ങനെ കൈയിലോട്ടു വാങ്ങിക്കുമ്പോൾ അന്നെന്റെ പത്താമത്തെ പിറന്നാളാ… അന്യൻ വിയർക്കുന്ന കാശു കൊണ്ട് അപ്പവും തിന്നു വീഞ്ഞും കുടിച്ച് കോണ്ടാസേലും ബെൻസേലും കയറിനടക്കുന്നവരുടെ പളുപളുത്ത കുപ്പായത്തോട്, അന്ന് തീർന്നതാ തിരുമേനി ബഹുമാനം…’ഇപ്പം എനിക്ക് അതിനോട് തിരുമേനി ഇംഗ്ലീഷിൽ പറഞ്ഞ സാധനമാ. എന്നതാടാ? നീ തല കുലുക്കിയല്ലോ.
Discussion about this post