കൊറോണ വൈറസിനെയും അതിനുണ്ടായ ജനിതകവ്യതിയാനങ്ങളെയും മുൻകൂട്ടി അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ കോവിഡ്-19 പകർച്ചവ്യാധി മൂലം പൊലിഞ്ഞുപോയ എത്ര ജീവനുകൾ രക്ഷിക്കാമായിരുന്നു, രോഗതീവ്രതയറിഞ്ഞ എത്രപേരുടെ കഷ്ടപ്പാടുകൾ ഇല്ലാതാക്കാമായിരുന്നു, ലോക്ക്ഡൗൺ മൂലം നിശ്ചലമായ രണ്ടുവർഷങ്ങളിൽ ലോകം എത്രവലിയ കണ്ടുപിടിത്തങ്ങൾക്കും വികസനപ്രവർത്തനങ്ങൾക്കും വേദിയാകുമായിരുന്നു. സംഭവിച്ച കാര്യങ്ങളോർത്ത് വിലപിച്ചിട്ട് കാര്യമില്ല. പക്ഷേ ഇനിയും അത്തരത്തിലുള്ള പകർച്ചവ്യാധികൾ ലോകത്തെ വരിഞ്ഞുമുറുക്കാനുള്ള സാഹചര്യം നിലനിൽക്കെ ഭാവി പകർച്ചവ്യാധികളെയും രോഗാണുക്കളെയും നേരിടാനുള്ള ഒരു സംവിധാനം അനിവാര്യമായി മാറിയിരിക്കുന്നു.
ശ്വാസകോശസംബന്ധിയായ വൈറസുകളിലെ ജനിതക വ്യതിയാനത്തെ നിരീക്ഷിക്കുന്നതിനുള്ള വളരെ പ്രധാനപ്പെട്ട ഒരു സാങ്കേതികവിദ്യയുടെ പണിപ്പുരയിലാണ് യുകെ കേംബ്രിജ് വെൽകം സൻഗർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ. കോവിഡ്-19നെ പോലെ അപകടകാരികളായ പുതിയ വകഭേദങ്ങളെ അവ രൂപമെടുക്കുമ്പോൾ തന്നെ തിരിച്ചറിയുക അങ്ങനെ പുതിയ അസുഖങ്ങളും ഭാവി പകർച്ചവ്യാധികളും നേരത്തെയറിയാൻ സാധിക്കുക എന്നതാണ് നാഴികകല്ലായേക്കാവുന്ന ഈ സാങ്കേതികവിദ്യയിലൂടെ ഗവേഷകർ ലക്ഷ്യമിടുന്നതെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
വളരെ കുറഞ്ഞ ചിലവിലുള്ള, എളുപ്പത്തിൽ ഉപയോഗിക്കാവുന്ന, ഭാവിയിൽ കൂടുതൽ വൈറസുകളെ ആഗോളതലത്തിൽ തന്നെ നിരീക്ഷിക്കാവുന്ന രീതിയിലേക്ക് വികസിപ്പിക്കാനാകുന്ന ഒരു സാങ്കേതികവിദ്യ കണ്ടുപിടിക്കാനാണ് ഗവേഷകർ ശ്രമിക്കുന്നത്. ഇൻഫ്ളുവൻസ വൈറസുകൾ, ആർഎസ് വി എന്ന റെസ്പിരേറ്ററി സിൻസിഷ്യൽ വൈറസ് , കൊറോണവൈറസ് മുമ്പ് കണ്ടുപിടിക്കാത്ത വൈറസുകൾ തുടങ്ങിയവയെ ആകും നിരീക്ഷിക്കുക.
റെസ്പിരേറ്ററി വൈറസ് ആൻഡ് മൈക്രോബയോം ഇനീഷ്യേറ്റീവ് എന്ന പ്രോജക്ട് രോഗിയുടെ മൂക്കിൽ നിന്നും എടുക്കുന്ന സാമ്പിളിലെ വൈറൽ, ബാക്ടീരിയൽ, ഫംഗൽ ഇനത്തിൽ പെട്ട കീടാണുക്കളെ തിരിച്ചറിയുന്നതിന് ഡിഎൻഎ സീക്വൻസിംഗ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന ഒരു സംവിധാനത്തിന് രൂപം നൽകും. ജനിതക ഗവേഷണത്തിനും ഡിഎൻഎ സീക്വൻസിംഗിനും പേരുകേട്ട ഇടമാണ് സൻഗർ ഇൻസ്റ്റിറ്റ്യൂട്ട്. കോവിഡ്-19 പകർച്ചവ്യാധിക്കാലത്ത് ഭൂമിയിലൊട്ടാകെ സീക്വൻസ് ചെയ്ത Sars-CoV-2 ജനിതകഘടനയുടെ ഇരുപത് ശതമാനവും ബ്രിട്ടനിൽ നിന്നായിരുന്നുവെന്നും പകർച്ചവ്യാധിക്കാലത്ത് പുതിയ വകഭേദങ്ങൾക്കായി ബ്രിട്ടനെ പ്രത്യേകം നിരീക്ഷിച്ചിരുന്നുവെന്നും പ്രോജക്ടിന് നേതൃത്വം നൽകുന്ന എഡ് വൻ ഹാരിസൺ വ്യക്തമാക്കി. അന്നുവരെ ശേഖരിച്ച വിവരങ്ങളും അറിവുകളും കാരണം വളരെ വേഗത്തിൽ കോവിഡ്-19ന് കാരണം Sars-CoV-2 ആണന്ന് തിരിച്ചറിയാൻ പറ്റി. അതിനുണ്ടാകുന്ന ജനിതകവ്യതിയാനങ്ങളും നിരീക്ഷിക്കാൻ കഴിഞ്ഞു. രോഗപ്രതിരോധത്തിൽ അതെല്ലാം വളരെ ഗുണം ചെയ്തു. ഇപ്പോൾ അത്തരത്തിൽ എല്ലാ ശ്വാസകോശ സംബന്ധ വൈറസുകളെയും ജനിതക നിരീക്ഷണം നടത്തുന്നതിനുള്ള ആഗോള സംവിധാനമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഹാരിസൺ പറഞ്ഞു.
Discussion about this post