ഇസ്ലാമാബാദ്: പാകിസ്താനിൽ ഭക്ഷ്യവസ്തു വിതരണം ചെയ്യുന്ന കേന്ദ്രത്തിൽ സംഘർഷം. ആളുകൾക്ക് നേരെ പാകിസ്താൻ പോലീസ് ലാത്തിവീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. പെഷവാറിലെ ഗോതമ്പ് മാവ് വിതരണം ചെയ്യുന്ന കേന്ദ്രത്തിലായിരുന്നു സംഘർഷമുണ്ടായത്.
സാമ്പത്തിക പ്രതിസന്ധിയിൽ ശ്വാസം മുട്ടുന്ന ജനങ്ങൾക്ക് പാക് സർക്കാർ സൗജന്യമായി ഗോതമ്പ് മാവ് വിതരണം ചെയ്തിരുന്നു. ഇത് വാങ്ങാൻ എത്തിയ ആളുകളും പോലീസും തമ്മിലാണ് സംഘർഷമുണ്ടായത്. ഗോതമ്പ് മാവ് നൽകുന്ന വിവരം അറിഞ്ഞ ആളുകൾ വിതരണ കേന്ദ്രത്തിലേക്ക് എത്തി. എന്നാൽ ഇതിന്റെ കവാടത്തിൽവച്ച് ആളുകളെ പോലീസ് തടയുകയായിരുന്നു.
ഇതിൽ അരിശംപൂണ്ട നാട്ടുകാർ പോലീസിനെ കല്ലെറിഞ്ഞ് ഓടിയ്ക്കാൻ ശ്രമിച്ചു. ഇതോടെയാണ് സംഘർഷമുണ്ടായത്. കല്ലേറിൽ പരിക്കേറ്റതോടെ ജനങ്ങളെ പോലീസ് ലാത്തികൊണ്ട് നേരിട്ടു. ഇതിനിടെ കേന്ദ്രത്തിലേക്ക് അതിക്രമിച്ചുകയറി ഗോതമ്പ് മാവ് കൈക്കലാക്കാനുള്ള ശ്രമവും നാട്ടുകാർ നടത്തി. ഇതോടെ കണ്ണീർ വാതകം പ്രയോഗിച്ച് എല്ലാവരെയും ഓടിക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടില്ല. ആളുകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് കവാടത്തിൽ തടഞ്ഞത് എന്നാണ് പോലീസ് പറയുന്നത്. അതേസമയം പോലീസിന്റെ ആക്രമണത്തിൽ പ്രതിഷേധിച്ച് ജമാ അത്ത് ഇ ഇസ്ലാമി പ്രവർത്തകർ പ്രതിഷേധിച്ചു.
നിലവിൽ പാകിസ്താനിൽ ഗോതമ്പ്മാവിനുൾപ്പെടെ വലിയ ക്ഷാമമാണ് നേരിടുന്നത്. വെള്ളിയാഴ്ച കറാച്ചിയിലെ ഭക്ഷ്യവിതരണ കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ഗോതമ്പ്മാവ് വാങ്ങാൻ എത്തിയ 12 പേർ കൊല്ലപ്പെട്ടിരുന്നു.
Discussion about this post