ഇന്നത്തെ കാലത്തെ കുട്ടികൾ സാങ്കേതികവിദ്യയോട് വളരെ പെട്ടെന്ന് ഇണങ്ങുന്നവരാണ്. പഠിക്കാനും ആശയവിനിമയത്തിനുമടക്കം പല രീതിയിൽ സാങ്കേതികവിദ്യ കുട്ടികൾക്ക് ഗുണം ചെയ്യുന്നുമുണ്ട്. പക്ഷേ അമിതമായാൽ സാങ്കേതികവിദ്യ കുട്ടികൾക്ക് വിനയായി തീരാറുമുണ്ട്. ഉദാഹരണത്തിന്, അധികനേരം ഫോണിന്റെയോ ടിവിയുടെയോ സ്ക്രീനിൽ നോക്കിയിരുന്നാൽ അത് കാഴ്ചശക്തിയെ ബാധിക്കുകയും തലവേദനയും ഉറക്കപ്രശ്നങ്ങളും ഉണ്ടാക്കുകയും മറ്റ് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. ഒരിടത്ത് കുത്തിയിരുന്ന് ഫോണും ടിവിയുമൊക്കെ കാണുന്നത് കുട്ടികൾ അലസരാകാനും പൊണ്ണത്തടി പോലുള്ള ആരോഗ്യപ്രശ്നങ്ങൾ അവരിൽ ഉണ്ടാകാനും കാരണമാകും. ഇതുമാത്രമൊന്നുമല്ല, മാതാപിതാക്കളുടെ ഫോൺ കയ്യിൽ കിട്ടായാൽ കുട്ടികൾ നല്ല മുട്ടൻ പണികൾ അച്ഛനമ്മമാർക്ക് വാങ്ങിച്ചുകൊടുക്കാറുണ്ട്. കഴിഞ്ഞ ദിവസം അമേരിക്കയിൽ ഒരു അമ്മയ്ക്കും അത്തരമൊരു അബദ്ധം പിണഞ്ഞു. ഒന്നും രണ്ടുമല്ല, രണ്ടരലക്ഷം രൂപയുടെ ഓണലൈൻ പർച്ചേസിംഗ് ആണ് ഇവരുടെ അഞ്ചുവയസ്സുകാരിയായ മകൾ അമ്മയുടെ ഫോണിലൂടെ നടത്തിയത്.
അമേരിക്കയിലെ മസാച്യൂസെറ്റ്സിലാണ് സംഭവം. കാറിൽ വീട്ടിലേക്ക് പോകുന്നതിനിടെ മകളുടെ വിരസത മാറ്റി സമാധാനിപ്പിക്കാൻ അമ്മ അഞ്ചുവയസ്സുകാരിയായ മകളുടെ കയ്യിൽ ഫോൺ കൊടുക്കുകയായിരുന്നു. പക്ഷേ മകൾ ഓൺലൈൻ ഷോപ്പിംഗ് നടത്താൻ മിടുക്കിയാണെന്ന് ജെസിക്ക നൂൻസ് എന്ന ആ പാവം അമ്മ അറിഞ്ഞില്ല. ലിയ എന്ന അഞ്ചുവയസ്സുകാരി കിട്ടിയ അവസരം പാഴാക്കിയില്ല. ആമസോണിൽ മൂവായിരം ഡോളറിന്റെ (ഏതാണ്ട് രണ്ടരലക്ഷം രൂപ) വമ്പൻ പർച്ചേസ് തന്നെ നടത്തി. പത്ത് ജോഡി കൗഗേൾ ബൂട്ടും പത്ത് ജോഡി കളിപ്പാട്ടങ്ങളും അവൾ ഓർഡർ ചെയ്തു.
ഓർഡർ ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് കാർട്ടിൽ പത്ത് മോട്ടോർസെക്കിളുകളും ജീപ്പും പത്ത് ബൂട്ടും കാർട്ടിൽ ഉള്ള കാര്യം താൻ അറിയുന്നതെന്ന് ജെസിക്കയെ ഉദ്ധരിച്ച് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബൈക്കുകൾക്കും ജീപ്പിനും കൂടി 3,180 ഡോളറും ബൂട്ടുകൾക്ക് 600 ഡോളറും ആയിരുന്നു വില. ആമസോൺ ആപ്പ് വഴി ആയിരുന്നു ജെസിക്കയുടെ മകളായ ലിയ ഓർഡറുകൾ നടത്തിയത്.
Discussion about this post