പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ പ്രതികൾക്ക് കോടതി ഇന്ന് ശിക്ഷ വിധിക്കും, മണ്ണാർക്കാട് എസ്‌സി/എസ്ടി കോടതിയാണ് കേസ് പരിഗണിച്ചത്. ഇന്നലെ കേസിൽ 14 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ആകെ 16 പേരാണ് കേസിൽ പ്രതികളായിട്ടുള്ളത്.
ഹുസൈൻ, മരയ്ക്കാർ, ഷംസുദ്ദീൻ, രാധാകൃഷ്ണൻ, അബൂബക്കർ, സിദ്ദിഖ്, ഉബൈദ്, നജീബ്, ജൈജുമോൻ, സജീവ്, സതീഷ്, ഹരീഷ്, ബിജു, മുനീർ, അനീഷ്, അബ്ദുൾ കരീം എന്നിവരെ പ്രതി ചേർത്ത് ആയിരുന്നു കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ അനീഷിനെയും അബ്ദുൾ കരീമിനെയും കോടതി വെറുതെവിട്ടു. മുക്കാലി ജംഗ്ഷനിൽ കടനടത്തിവരുന്ന ഹുസൈൻ ആണ് കേസിലെ ഒന്നാം പ്രതി. മരയ്ക്കാർ കേസിലെ രണ്ടാം പ്രതിയാണ്. 14 പ്രതികളിൽ 13 പേർക്കെതിരെ കോടതി നരഹത്യാകുറ്റം ചുമത്തിയിട്ടുണ്ട്.
പ്രതികൾക്കെതിരായ കൊലപാതക കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304ാം വകുപ്പ് പ്രകാരം നരഹത്യയ്ക്ക് കേസ് എടുത്തത്. ഏഴുമുതൽ പത്തുവർഷംവരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് നിലവിൽ പ്രതികൾക്ക് എതിരെ തെളിഞ്ഞിട്ടുള്ളത്. പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികൾക്കെതിരെ തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ തക്കതായ ശിക്ഷയായിരിക്കും കോടതി പ്രതികൾക്ക് നൽകുക എന്നാണ് കരുതുന്നത്.
Discussion about this post