ചെടികളിൽ മാത്രം കാണപ്പെടുന്ന സിൽവ ലീഫ് എന്ന അപൂർവ്വരോഗം ആദ്യമായി മനുഷ്യരിൽ റിപ്പോർട്ട് ചെയ്തു. ഇന്ത്യക്കാരനായ ഒരു സസ്യശാസ്ത്രജ്ഞനിലാണ് മനുഷ്യരിൽ ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. കൊൽക്കത്തക്കാരനായ ഇദ്ദേഹം പ്ലാന്റ് മൈക്കോളജിസ്റ്റും (സസ്യങ്ങളിലെ ഫംഗസുകളെയും ഫംഗസ് രോഗങ്ങളെയും കുറിച്ച് പഠിക്കുന്നയാൾ) കൂണുകൾ ശേഖരിക്കുന്നയാളും ആണ്. വളരെ മാരകവും അപൂർവ്വവുമായ ഈ ഫംഗസ് രോഗത്തിന് കാരണം റോസ് കില്ലിംഗ് ഫംഗസുകളാണ്.
അറുപത്തിയൊന്നുകാരനായ രോഗി മാസങ്ങളായി തൊണ്ടയിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിത്സ തേടിയത്. ചുമ, തൊണ്ടയടപ്പ്, വിശപ്പില്ലായ്മ, ക്ഷീണം, അടിക്കടി തൊണ്ടയിൽ അണുബാധ, ഭക്ഷണവും വെള്ളവും ഇറക്കാനുള്ള ബുദ്ധിമുട്ട് എന്നിവയായിരുന്നു രോഗലക്ഷണങ്ങൾ. മൂന്നുമാസത്തോളമായി രോഗലക്ഷണങ്ങൾ ആരംഭിച്ചിട്ട്. മനുഷ്യരിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത കേസ് എന്ന നിലയിൽ മെഡിക്കൽ മൈക്കോളജി കേസ് റിപ്പോർട്ട്സ് എന്ന ജേണലിൽ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗിയുടെ സിടി സ്കാൻ റിപ്പോർട്ടിൽ അന്നനാളത്തിന്റെ വലതുവശത്തായി പഴുപ്പുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇതിന്റെ സാംപിൾ പരിശധനാവിധേയമാക്കിയപ്പോഴാണ് ഫംഗസ് വളർച്ച കണ്ടെത്തിയത്. പിന്നീട് ഇതിനെ പ്രത്യേകം പെട്രി ഡിഷിലേക്ക് മാറ്റി വളർത്തിയപ്പോൾ സംഗതി ഫംഗസ് തന്നെയാണ് സ്ഥിരീകരിച്ചു.
കാഴ്ചയിലൂടെ ഫംഗസുകളുടെ ഇനം കണ്ടെത്തുക ബുദ്ധിമുട്ടായതിനാൽ ഇതിന്റെ സാംപിൾ അധികൃതർ ലോകാരോഗ്യ സംഘടനയ്ക്ക് അയച്ചുകൊടുത്തു. അവർ നടത്തിയ ജനിതകപരിശോധനയിലൂടെയാണ് ഇത് കോൺട്രോസ്റ്റെറിയം പർപറിയം എന്ന ഫംഗസ് ആണെന്നും ചെടികളിൽ ഇത് സിൽവർ ലീഫ് എന്ന രോഗത്തിന് കാരണമാകുമെന്നും ഉറപ്പിച്ചത്.
അതേസമയം അത്തരത്തിലൊരു ഫംഗസുമായി ഇടപെട്ടിട്ടില്ലെന്നാണ് രോഗി തറപ്പിച്ച് പറയുന്നത്. എന്നാൽ ഗവേഷണങ്ങളുമായി ഭാഗമായി ഏറെക്കാലം അഴുകിയ സാധനങ്ങളുമായും സസ്യങ്ങളിലെ മറ്റ് ഫംഗസുകളുമായും ഇടപെട്ടിട്ടുണ്ടെന്ന് ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും രോഗിയിലെ അണുബാധ ചികിത്സയിലൂടെ പൂർണ്ണമായും നീക്കം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. രോഗി പൂർണ്ണമായും സുഖം പ്രാപിച്ചതായും രോഗം വീണ്ടും വരാനുള്ള സാധ്യത ഇല്ലെന്നും അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്.
സിൽവർ ലീഫ് എന്ന പേര്
പ്രധാനമായും റോസ് വിഭാഗത്തിൽ പെട്ട ചെടികളെ ബാധിക്കുന്നത് കൊണ്ടാണ് ഈ രോഗാണുവിനെ റോസ് കില്ലിംഗ് ഫംഗസ് എന്ന് വിളിക്കുന്നത്. ആപ്പിൾ, പെയർ, ചെറി മരങ്ങളെയും ഈ രോഗം ബാധിക്കാറുണ്ട്. ഉണങ്ങിപ്പോയ മരത്തടികളിൽ ഈ ഫംഗസ് വളരെ എളുപ്പത്തിൽ വളരും. പക്ഷേ ആരോഗ്യമുള്ള ഒരു ചെടിയിൽ എത്തിക്കഴിഞ്ഞാൽ ഈ ഫംഗസ് ചെടിയെ തന്നെ ഇല്ലാതാക്കുകയും ഇലകളെ വെള്ളിനിറത്തിലാക്കുകയും ചെയ്യും. അതിനാലാണ് ഈ രോഗം സിൽവർ ലീഫ് എന്നറിയപ്പെടുന്നത്.
Discussion about this post