കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ പ്രാഥമിക മൊഴി പുറത്ത്. ട്രെയിനിൽ തീയിട്ടതിന് ശേഷം അതേ ട്രെയിനിൽ തന്നെ കണ്ണൂരിൽ എത്തിയെന്നാണ് പ്രതിയുടെ മൊഴി. സംഭവശേഷം ട്രെയിൻ കോച്ചിൽ പരിശോധന നടക്കുമ്പോൾ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഒളിച്ചിരുന്നുവെന്നും ഇയാൾ പറയുന്നു. പിന്നീട് പുലർച്ചെയോടെ രത്‌നഗിരിയിലേക്ക് പോയി.
ടിക്കറ്റ് എടുക്കാതെ ജനറൽ കമ്പാർട്‌മെന്റിലാണ് യാത്ര ചെയ്തത്. കേരളത്തിൽ എത്തുന്നത് ആദ്യമായിട്ടാണെന്നും ഷാറൂഖ് സെയ്ഫി പറയുന്നു. എന്തിനാണ് ആക്രമണം നടത്തിയത് എന്ന ചോദ്യത്തിന് തന്റെ കുബുദ്ധി കൊണ്ചാണെന്നാണ് ഇയാൾ മൊഴി നൽകിയത്. എന്നാൽ ഈ മൊഴി മുഖവിലയ്ക്ക് എടുക്കാനാകില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിട്ടുണ്ട്.
മഹാരാഷ്ട്ര എടിഎസ് കൈമാറിയ പ്രതിയെ ഇന്ന് പുലർച്ചയോടെ കോഴിക്കോട് എത്തിച്ചു. ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കും. കോഴിക്കോട് മാലൂർക്കുന്നിലുള്ള പോലീസ് ക്യാമ്പിലാണ് പ്രതിയെ എത്തിച്ചത്. ഇന്നലെയാണ് മഹാരാഷ്ട്ര എടിഎസ് പ്രതിയെ പിടികൂടിയത്. രത്‌നഗിരിയിൽ നിന്ന് അജ്മീറിലേക്ക് പോകാനിരിക്കെയാണ് ഇയാൾ പിടിയിലാകുന്നത്. പിടിയിലായതിന് പിന്നാലെ ഇയാൾ കുറ്റസമ്മതം നടത്തിയിരുന്നു. ഇയാളുടെ ബന്ധുക്കളിൽ ചിലർ ഡൽഹി പോലീസിന്റെ കസ്റ്റഡിയിലുണ്ട്.
Discussion about this post