പാലക്കാട്: അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി സിപിഎം ജില്ലാ നേതൃത്വം. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം മുതലമട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനപ്പാടിയിലെ ഡിഎഫ്ഒ ഓഫീസ് ഇന്ന് രാവിലെ ഉപരോധിക്കും. നെന്മാറ എംഎൽഎ കെ.ബാബു പ്രതിഷേധപരിപാടികൾ ഉദ്ഘാടനം ചെയ്യും. വിഷയത്തിൽ ആശങ്ക അറിയിച്ച് എംഎൽഎ മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും കത്തയച്ചിരുന്നു. പറമ്പിക്കുളത്തും ധാരാളം റേഷൻകടകളും പലചരക്ക് കടകളും ഉണ്ടെന്നും കെ.ബാബു പറഞ്ഞു.
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് വിടരുതെന്നും, ആദിവാസികൾ ഉൾപ്പെടെ ആശങ്കയിലാണെന്നും കെ.ബാബു പറഞ്ഞിരുന്നു. അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റണമെന്നായിരുന്നു ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭിക്കും എന്നതായിരുന്നു പറമ്പിക്കുളം തിരഞ്ഞെടുക്കാൻ കാരണം.
ഈ റിപ്പോർട്ട് അംഗീകരിച്ചാണ് അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാൻ ജസ്റ്റിസുമാരായ ജയശങ്കർ നമ്പ്യാർ, പി.ഗോപിനാഥ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. ദൗത്യത്തിന് റവന്യു, പോലീസ്, അഗ്നിരക്ഷാ വിഭാഗങ്ങൾ ആവശ്യമായ സഹായം നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ആനയെ പിടികൂടുന്നതിന്റെ ആഘോഷങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വേണ്ടെന്നും കോടതി വ്യക്തമാക്കി.
Discussion about this post