തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ മതപഠന ക്ലാസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. മത സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ജയിൽ മേധാവി ഉത്തരവ് പിൻവലിച്ചത്. ഇന്നലെ വൈകീട്ടോടെയാണ് വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് ജയിൽവകുപ്പ് ഉത്തരവിറക്കിയത്. വിലക്ക് നീങ്ങിയതോടെ ഇന്നും നാളെയും, ഈസ്റ്റർ ദിനത്തിലും നടക്കുന്ന പരിപാടികളിൽ തടവുകാർക്ക് പങ്കെടുക്കാം.
ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി എത്തിയ കെസിബിസി അദ്ധ്യക്ഷൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഉത്തരവ് പിൻവലിച്ചത്. വിശുദ്ധവാരത്തിൽ വന്ന നിയന്ത്രണം പിൻവലിക്കണമെന്ന് കർദ്ദിനാൾ ക്ലിമ്മിസും ആവശ്യപ്പെട്ടിരുന്നു.
മതസംഘടനകളാണ് ജയിൽ എത്തി തടവുകാർക്ക് ക്ലാസ് എടുക്കുക. ഇവർക്ക് പ്രവേശനം നൽകരുതെന്ന് ആയിരുന്നു ഉത്തരവിലെ പ്രധാന നിർദ്ദേശം. ഇതിന് പകരമായി ഇനി മോട്ടിവേഷൻ ക്ലാസുകൾ മാത്രം മതിയെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. പ്രാർത്ഥനയ്ക്ക് പുറമേ മതസംഘടനകളുടെ കൗൺസിലിംഗിനും അനുമതി റദ്ദാക്കിയിരുന്നു. എന്നാൽ എന്തുകൊണ്ടാണ് വിലക്കിയത് എന്ന കാര്യത്തിൽ ജയിൽ മേധാവി പ്രതികരിച്ചിട്ടില്ല.













Discussion about this post