ന്യൂഡൽഹി: ആംആദ്മി എംഎൽഎയും മുൻ മന്ത്രിയുമായ സത്യേന്ദർ ജയിനിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് കോടതി തള്ളിയത്. സംഭവത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് സത്യേന്ദർ ജയിനിനെതിരെ കേസ് എടുത്ത് അന്വേഷണം നടത്തുന്നത്.
ജയിലിൽ കിടക്കാൻ ആരംഭിച്ച് ഒരു വർഷമായെന്നും അതിനാൽ ജാമ്യം വേണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. നിരപരാധിയാണെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ജയിനിന്റെ അഭിഭാഷകൻ എൻ ഹരിഹരനും കോടതിയിൽ ആവർത്തിച്ചു. ജയിന് ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റം തെളിയിക്കാൻ കഴിയില്ലെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. എന്നാൽ ഇതിനെ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു എതിർത്തു. ഈ വാദങ്ങൾ പരിഗണിച്ചുകൊണ്ടായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്.
ജസ്റ്റിസ് ദിനേഷ് കുമാർ ശർമ്മ അദ്ധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹർജി നൽകിയത്. കേസിൽ ജാമ്യം ആവശ്യപ്പെട്ട് കീഴ്‌ക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. സിംഗിൾ ബെഞ്ചിന്റെ വിധി പ്രതികൂലമായ സാഹചര്യത്തിൽ അദ്ദേഹം ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനാണ് സാദ്ധ്യത.
കഴിഞ്ഞ വർഷം മെയ് 30 നായിരുന്നു സത്യേന്ദർ ജയിനിനെ അറസ്റ്റ് ചെയ്തത്. മാസങ്ങൾക്ക് ശേഷം നവംബർ 17 ന് വിചാരണ കോടതിയെ ജാമ്യത്തിനായി സമീപിക്കുകയായിരുന്നു. എന്നാൽ ഇത് തള്ളിയതിന് പിന്നാലെ സമാന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ മാസം ഹർജി പരിഗണിച്ച കോടതി വിധി പറയാൻ ഇന്നേക്ക് മാറ്റുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് സത്യേന്ദർ ജയിനിന്റെ അഞ്ച് കോടി വിലമതിക്കുന്ന സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു.
Discussion about this post