ന്യൂഡൽഹി: അരുണാചൽ പ്രേദേശിലെ ഇന്ത്യൻ പ്രദേശങ്ങളുടെ പേര് മാറ്റിയ ചൈനയുടെ നടപടിയെ വിമർശിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അന്യാധീനപ്പെടാത്ത ഭാഗമാണെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ചൈന സ്വന്തം ഭാവനയിൽ പേര് മാറ്റിയാൽ അടിസ്ഥാന വസ്തുതയിൽ മാറ്റമുണ്ടാകില്ലെന്നും അരിന്ദം ബാഗ്ചി കൂട്ടിച്ചേർത്തു.
ചൈന ഇത്തരം ശ്രമങ്ങൾ നടത്തുന്നത് ആദ്യമല്ലെന്ന് വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി. നേരത്തെയും സമാനമായ ശ്രമങ്ങളെ ഇന്ത്യ വിമർശിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചൈനയുമായുളള ബന്ധം സാധാരണ നിലയിലെത്തിക്കുന്നതിന് പോലും ഇത്തരം നീക്കങ്ങൾ തടസമാകും. 2020 ഏപ്രിൽ മുതൽ വഷളായ ബന്ധം അതിർത്തി മേഖലയിൽ സമാധാനവും സുതാര്യതയും നിലനിർത്തുന്നത് വഴി മാത്രമേ സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാനാകൂവെന്നും അദ്ദേഹം സൂചിപ്പിച്ചു.
അരുണാചൽപ്രദേശിന്റെ ഭാഗമായ 11 സ്ഥലങ്ങളുടെ പേരുകളാണ് ചൈന പുനർനാമകരണം ചെയ്തത്. ചൈനയിലെ സിവിൽ അഫയേഴ്‌സ് മന്ത്രാലയത്തിന്റേതായിരുന്നു നടപടി. രണ്ട് ജനവാസ കേന്ദ്രങ്ങളുടെ ഉൾപ്പെടെ പേരുകളാണ് ചൈന മാറ്റിയത്.
അരുണാചലിന്റെ പ്രദേശങ്ങളെ ടിബറ്റിന്റെ തെക്കൻ ഭാഗമായ സാങ്‌നാൻ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ചൈനയുടെ നീക്കം. അഞ്ച് പർവ്വത ശിഖരങ്ങൾ, രണ്ട് നദികൾ, മറ്റ് രണ്ട് പ്രദേശങ്ങൾ തുടങ്ങിയവയും പേര് മാറ്റത്തിൽ ഉൾപ്പെടും. കഴിഞ്ഞ ദിവസമാണ് ചൈനയുടെ വിദേശകാര്യമന്ത്രാലയം വക്താവ് മാവോ നിങ് ഇക്കാര്യം പതിവ് വാർത്താസമ്മേളനത്തിനിടെ പ്രഖ്യാപിച്ചത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടാണ് പേര് മാറ്റുന്നതെന്ന് ആയിരുന്നു ചൈനയുടെ വാദം.
ചൈനയുടെ നീക്കത്തിനെതിരെ യുഎസ് ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ഭൂപ്രദേശം മുൻകൂറായി അവകാശപ്പെടാനുളള ശ്രമമായി മാത്രമേ ഇതിനെ കാണാനാകൂ എന്നായിരുന്നു യുഎസിന്റെ പ്രതികരണം.
Discussion about this post