ന്യൂഡൽഹി: കേരളത്തിലെ ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ യുവാക്കളുടെ അഭിപ്രായമാണ് അനിൽ കെ ആന്റണിയിലൂടെ പുറത്തുവരുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഡൽഹിയിൽ അനിൽ ആന്റണിയുമൊത്ത് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. കേരളത്തിലെ യുവാക്കളുടെ പ്രതീകമായിട്ടാണ് അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ ജനങ്ങൾക്കിടയിൽ മോദി സർക്കാരിനുളള വിശ്വാസ്യത വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിന് തെളിവാണ് അനിലിന്റെ തീരുമാനം. മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾക്കും ഭരണ മികവിനും വലിയ അംഗീകാരം ജനങ്ങൾക്കിടയിൽ നിന്ന് ഉയർന്നുവരികയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ അനിൽ ആന്റണി എന്ന ഒറ്റ വ്യക്തിയുടെ അഭിപ്രായമായി കാണുന്നില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ നെഗറ്റീവ് രാഷ്ട്രീയത്തിനേറ്റ വലിയ തിരിച്ചടിയാണിത്. രാജ്യത്തിന് പുറത്ത് പോയി ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന പ്രസ്താവനകൾ ഇറക്കുന്ന പുതിയ കോൺഗ്രസ് നേതൃത്വത്തിന്റെ സമീപനത്തിനെതിരായി കോൺഗ്രസിനുളളിൽ തന്നെ ഉയർന്നുവരുന്ന വലിയ ജനവികാരമാണ് അനിൽ ആന്റണിയിലൂടെ പുറത്തുവരുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ത്രിപുരയിലെ ഉൾപ്പെടെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിലും ബിജെപി സർക്കാർ വരുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകളും കെ സുരേന്ദ്രൻ ആവർത്തിച്ചു. സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ അനിലിനെ സ്വാഗതം ചെയ്ത പോസ്റ്ററുകളും ബിജെപി കേരള ഘടകം പോസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post