കൊൽക്കത്ത: ബാറ്റിംഗിലും ബൗളിംഗിലും റോയൽ ചലഞ്ചേഴ്‌സിന്റെ വെല്ലുവിളിയെ നിഷ്പ്രഭമാക്കി ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മിന്നൽപ്രകടനം. ടോസ് നഷ്ടമായെങ്കിലും ആദ്യ ബാറ്റിംഗിന് നറുക്ക് വീണത് നൈറ്റ് റൈഡേഴ്‌സിന് ആയിരുന്നു. ഏഴാമനായി ഇറങ്ങി 29 പന്തിൽ 68 റൺസ് വാരിക്കൂട്ടിയ ഷാർദ്ദൂൽ താക്കൂറും ഓപ്പണറായി ഇറങ്ങി 44 പന്തിൽ 57 റൺസെടുത്ത് റഹ്മാനുള്ള ഗുർബാസും അഞ്ചാമനായി 46 റൺസെടുത്ത റിങ്കു സിംഗും കളം നിറഞ്ഞപ്പോൾ കൊൽക്കത്തയുടെ സ്‌കോർ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 204 റൺസിലെത്തി.
ഒൻപത് തവണ പന്ത് അതിർത്തി കടത്തിയ ഷാർദ്ദൂൽ മൂന്ന് സിക്‌സറുകളുടെയും അകമ്പടിയോടെയാണ് 29 പന്തിൽ നിന്ന് 68 റൺസ് അടിച്ചുകൂട്ടിയത്. കൊൽക്കത്തയുടെ ബൗളർമാരിൽ ഡേവിഡ് വില്ലിയും കാൺ ശർമയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. 205 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽ ചലഞ്ചേഴ്‌സിനെ വരുൺ ചക്രവർത്തിയും സുയാഷ് ശർമ്മയും വട്ടംകറക്കുന്നതായിരുന്നു കണ്ടത്.
ഓപ്പണിംഗ് കൂട്ടുകെട്ടിൽ ഇറങ്ങിയ വിരാട് കൊഹ്ലിയും ഡൂപ്ലെസിയും കൂറ്റൻ അടികളുടെ സൂചന നൽകിയെങ്കിലും ഇരുവരും അധികനേരം ക്രീസിൽ തുടർന്നില്ല. 18 പന്തിൽ 21 റൺസെടുത്ത് കൊഹ്ലിയും 12 പന്തിൽ 23 റൺസെടുത്ത് ഡൂപ്ലെസിയും മടങ്ങി. മൂന്നാമനായി ഇറങ്ങിയ മൈക്കൽ ബ്രേസ് വെല്ലും കളമുറപ്പിക്കുന്നതിന്റെ സൂചന നൽകിയെങ്കിലും 19 റൺസെടുത്ത് റാണയ്ക്ക് പിടികൊടുത്ത് മടങ്ങി.
പിന്നാലെ ഗ്ലെൻ മാക്‌സ് വെല്ലും ഹർഷാൽ പട്ടേലും ഷഹബാസ് അഹമ്മദും ദിനേശ് കാർത്തിക്കുമൊക്കെ ഒന്നിന് പിന്നാലെ ഒന്നായി കൂടാരം കയറിയതോടെ ചലഞ്ചേഴ്‌സ് പരാജയം ഉറപ്പിച്ചു. ഒറ്റ അക്കം കടക്കാൻ ഇവരിൽ ആർക്കും കഴിഞ്ഞില്ല. ഒൻപതാമനായി ഇറങ്ങി ഡേവിഡ് വില്ലി 20 റൺസെടുത്തു. ആകാശ് ദീപ് 17 റൺസുമെടുത്തു. 17.4 ഓവറിൽ റോയൽ ചലഞ്ചേഴ്‌സിന്റെ പോരാട്ടം 123 റൺസിന് അവസാനിച്ചു. വരുൺ ചക്രവർത്തി നാല് വിക്കറ്റുകളും സുയാഷ് ശർമ്മ 3 വിക്കറ്റുകളും വീഴ്ത്തി.
ഷാർദ്ദൂൽ താക്കൂർ ആണ് പ്ലെയർ ഓഫ് ദ മാച്ച്. ഈ വിജയത്തോടെ രണ്ട് പോയിന്റുമായി കൊൽക്കത്ത പോയിന്റ് പട്ടികയിൽ മൂന്നാമത് ഇടംപിടിച്ചു. റോയൽ ചലഞ്ചേഴ്‌സിനും രണ്ട് പോയിന്റ് ഉണ്ടെങ്കിലും ഏഴാം സ്ഥാനത്താണ്.
Discussion about this post