എറണാകുളം: ബ്രഹ്‌മപുരത്തെ മാലിന്യസംസ്‌കരണത്തിനായി കരാർ ഏറ്റെടുത്ത വിവാദ കമ്പനി സോണ്ടയ്ക്ക് കോഴിക്കോട് വേസ്റ്റ് ടു എനർജി കരാർ നേടിയെടുക്കാൻ വഴിവിട്ട സർക്കാർ സഹായം. ഇക്കാര്യം വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്തുവന്നു. സോണ്ടയുടെ അന്നത്തെ പ്രതിനിധി ഡെന്നീസ് ഈപ്പൻ ഇടനിലക്കാരനായ പൗളി ആന്റണിയോട് നടത്തുന്ന വെളിപ്പെടുത്തലുകളുടെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ സോണ്ട കമ്പനിയും സർക്കാരും തമ്മിലുള്ള ഒത്തുകളി പുറത്തായി.
സോണ്ടയ്ക്ക് കരാറു നൽകുന്നതിനെ ടി.കെ ജോസ് ഐഎഎസ് ശക്തമായി എതിർത്തിരുന്നു. എന്നാൽ ഈ എതിർപ്പ് മറികടന്ന് അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസ് വഴിയായിരുന്നു കമ്പനി നീക്കങ്ങൾ നടത്തിയിരുന്നത്. ടോം ജോസ് വഴി സാമ്പത്തിക നേട്ടത്തിനുള്ള പല തീരുമാനങ്ങളും നേടിയെടുക്കാൻ സോണ്ടയ്ക്കായി.
2019 ലാണ് സോണ്ടയ്ക്ക് കരാർ ലഭിക്കുന്നത്. ഇതിന് മുന്നോടിയായി മാർച്ചിൽ ടോം ജോസിന്റെ അദ്ധ്യക്ഷതയിൽ മാലിന്യ നിർമ്മാർജനത്തിൻറെ സംസ്ഥാന തല ഉപദേശക സമിതിയോഗം ചേർന്നിരുന്നു. ഇതിൽ പ്ലാന്റിൽ എത്തുന്ന ഒരു ടൺ മാലിന്യത്തിന് 3500 രൂപ ടിപ്പിംഗ് ഫീസ് വേണമെന്ന സോണ്ടയുടെ ആവശ്യം അംഗീകരിച്ച് മന്ത്രിസഭാ യോഗത്തിലേക്ക് ശുപാർശ ചെയ്തു. ഇത് പിന്നീട് സർക്കാർ അംഗീകരിക്കുകയായിരുന്നു. അന്ന് നടന്ന യോഗത്തിന്റെ മിനിട്‌സിൽ ഇക്കാര്യം വ്യക്തമാണ്.
നേരത്തെ സോണ്ടയ്ക്ക് കരാറ് ലഭിക്കാൻ ടോം ജോസ് സഹായിച്ചെന്ന് ഇടനിലക്കാരനായ അജിത്ത് കുമാർ വെളിപ്പെടുത്തിയിരുന്നു. ഇതിന് ബലം നൽകുന്നതാണ് ശബ്ദരേഖ. 2019 ൽ ഇരുവരും തമ്മിൽ സംസാരിച്ച ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്.
Discussion about this post