അഹമ്മദാബാദ് : സൂപ്പർ ത്രില്ലർ പോരാട്ടത്തിൽ വിജയം പിടിച്ചു വാങ്ങി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് . അവസാന ഓവർ വരെ ജയിക്കുമെന്ന് പ്രതീക്ഷിച്ച് നിന്ന കരുത്തരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ ഒരോവറിൽ 31 റൺസ് അടിച്ചെടുത്താണ് കൊൽക്കത്ത വിജയം സ്വന്തമാക്കിയത്.
ഗുജറാത്ത് ഉയർത്തിയ 205 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത അവസാന ഓവർ കളിക്കാനൊരുങ്ങുമ്പോൾ വേണ്ടത് 29 റൺസ്. കയ്യിലുള്ളത് 3 വിക്കറ്റുകൾ. യാഷ് ദയാലിന്റെ ആദ്യ പന്തിൽ ഉമേഷ് യാദവിന്റെ സിംഗിൾ. രണ്ടാം പന്ത് ഓഫ്സ്റ്റമ്പിൽ നിന്നകന്ന് ലോ ഫുൾടോസ്. ആഞ്ഞ് വീശിയ റിങ്കു സിംഗിന് ലക്ഷ്യം പിഴച്ചില്ല. കവറിനു മുകളിലൂടെ പന്ത് അതിർത്തി കടന്നു. സിക്സർ ! ഇനി വേണ്ടത് നാല് പന്തിൽ 22 റൺസ്.
യാഷ് ദയാലിന്റെ അടുത്ത പന്ത് . മിഡിൽ ആൻഡ് ലെഗ് സ്റ്റമ്പിൽ വീണ്ടും ഫുൾടോസ്. കൈക്കുഴ കറക്കി റിങ്കു സിംഗിന്റെ ഫ്ലിക്ക്. പന്ത് ബാക്ക്‌വാർഡ് സ്ക്വയർലെഗ്ഗിനു മുകളിലൂടെ പറന്നു. സിക്സർ . ഇനി ജയിക്കാൻ മൂന്ന് പന്തിൽ 16 റൺസ്. അടുത്ത് പന്ത് ഫുൾടോസ് .. ഓഫ്സ്റ്റമ്പിനു പുറത്ത്.. റിങ്കു സിംഗിന്റെ കൂറ്റനടി. പന്ത് വീണ്ടും എക്സ്ട്രാ കവറിനു മുകളിലൂടെ കാണികളുടെ ഇടയിൽ… വീണ്ടും സിക്സർ.. ഇനി രണ്ടു പന്തിൽ 10 റൺസ് മാത്രം.. സ്ക്രീനിൽ നിരാശനായി റാഷിദ് ഖാൻ.
അഞ്ചാമത്തെ പന്ത് .. ഗുഡ് ലെംഗ്ത് എറിയാൻ ശ്രമിച്ച യാഷിനു പിഴച്ചു. ഇടങ്കയ്യൻ ബാറ്റ്സ്മാന്റെ അർദ്ധ വൃത്തത്തിലേക്ക് വന്നെത്തിയ പന്തിനെ റിങ്കു സിംഗ് തൂക്കിയെടുത്തിട്ടത് ലോംഗ് ഓണിനു മുകളിലൂടെ ഗ്യാലറിയിൽ. അഹമ്മദാബാദിൽ എത്തിയ കൊൽക്കത്ത ആരാധകർ ആവേശത്തിരയിൽ.. അവസാന പന്തിൽ ജയിക്കാൻ നാല് റൺസ്. ആകെ സമ്മർദ്ദത്തിലായ യാഷ് ദയാൽ പന്ത് ഷോർട്ട് പിച്ച് ചെയ്തു. കലക്കൻ ക്രോസ് ബാറ്റ് ഷോട്ട്. ഇന്ന് റിങ്കു സിംഗിന്റെ ദിവസമായിരുന്നു. പന്ത് സ്ട്രെയ്റ്റ് ബൗണ്ടറിക്ക് മുകളിലൂടെ പറന്നു. കൊൽക്കത്ത താരങ്ങൾ ഗ്രൗണ്ടിലേക്ക് .. നൈറ്റ് റൈഡേഴ്സിന് ആവേശ ജയം.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി 53 റൺസെടുത്ത സായ് സുദർശനും 39 റൺസെടുത്ത ശുഭ്മാൻ ഗില്ലും ആദ്യ ഓവറുകളിൽ തിളങ്ങി. അവസാന ഓവറുകളിൽ മിന്നൽ ബാറ്റിംഗ് നടത്തിയ വിജയ് ശങ്കറാണ് സ്കോർ 200 കടത്തിയത്. വിജയ് ശങ്കർ 24 പന്തിൽ 63 റൺസുമായി പുറത്താകാതെ നിന്നു.
കൊൽക്കത്തയുടെ ഓപ്പണർമാർ 28 റൺസെടുത്തപ്പോഴേക്കും മടങ്ങിയപ്പോൾ മൂന്നാം വിക്കറ്റിൽ 100 റൺസിന്റെ സഖ്യമുണ്ടാക്കി വെങ്കിടേഷ് അയ്യറും നിതിഷ് റാണയുമാണ് വിജയ പ്രതീക്ഷ നിലനിർത്തിയത്. സ്കോർ 128 നിൽക്കെ നിതിഷ് റാണയും 154 ൽ എത്തിയപ്പോൾ വെങ്കിടേഷ് അയ്യരും മടങ്ങി. രണ്ടു പേരേയും അൽസാരി ജോസഫാണ് പുറത്താക്കിയത്. സ്കോർ 155 ൽ നിൽക്കെ കൂറ്റനടിക്കാരായ ആന്ദ്രെ റസ്സലും സുനിൽ നരെയ്നും ഷാർദൂൽ ഠാക്കൂറും റാഷിദ് ഖാന്റെ ഹാട്രിക്കിൽ പുറത്തായി. തുടർന്നായിരുന്നു അവസാന ഓവറുകളിലെ റിങ്കുവിന്റെ പകർന്നാട്ടം.
Discussion about this post