കൊച്ചി: കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ ആക്ഷേപിച്ച് കോൺഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നിൽ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല നേതാവാണെന്നും അദ്ദേഹത്തിന്റെ ഭരണത്തിൽ ക്രൈസ്തവർ സുരക്ഷിതരാണെന്നും പറഞ്ഞ കർദ്ദിനാളിന്റെ വാക്കുകൾ ഈസ്റ്റർ ദിനത്തിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു കൊടിക്കുന്നിൽ സുരേഷിന്റെ പോസ്റ്റ്.
നാട്ടിൽ സുഖിച്ച് ജീവിക്കുന്ന ഇടയൻമാർ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ എന്താണ് നടക്കുന്നതെന്ന് ഒന്ന് അറിയുന്നത് നല്ലതാണെന്ന് ആയിരുന്നു പോസ്റ്റ്. കർദ്ദിനാളിന്റെ പരാമർശം അടങ്ങിയ കാർഡിനൊപ്പമായിരുന്നു പോസ്റ്റ് പ്രചരിച്ചത്. എന്നാൽ സോഷ്യൽ മീഡിയയിൽ സംഭവം ചർച്ചയാകുകയും കൊടിക്കുന്നിലിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തു.
തുടർന്നാണ് താൻ അങ്ങനൊരു കാര്യം പോസ്റ്റ് ചെയ്തിട്ടില്ലെന്ന വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്. എന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും വ്യാജവും തീർത്തും അടിസ്ഥാനരഹിതവും ആണെന്ന് അദ്ദേഹം വിശദീകരണ പോസ്റ്റിൽ പറയുന്നു. ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്ന് അവസാനമായി നൽകിയ പോസ്റ്റ് ഈസ്റ്റർ ആശംസകൾ നേർന്നു കൊണ്ടുള്ളത് മാത്രമാണെന്നും കൊടിക്കുന്നിൽ വിശദീകരിക്കുന്നു.
Discussion about this post