അങ്കമാലി; ബിജെപി അധികാരത്തിൽ നിന്ന് ഇറങ്ങണമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നത്തെ രാജ്യത്തിന്റെ അവസ്ഥയിൽ പൊതുമുന്നണി രൂപീകരിക്കാൻ സാദ്ധ്യത വിരളമാണ്. സംസ്ഥാന അടിസ്ഥാനത്തിലുളള കൂട്ടുകെട്ടുകളാണ് ഉണ്ടാകേണ്ടതെന്നും പിണറായി വിജയൻ പറഞ്ഞു. അങ്കമാലി സിഎസ്എ ഹാളിൽ എംസി ജോസഫൈൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി
ബിജെപി ഓരോരുത്തരെ ലക്ഷ്യം വെച്ച് നീങ്ങുകയാണ്. അതിന്റെ ഭാഗമായ നിലപാട് സ്വീകരിക്കണം. രാഹുലിന് നേരെ നടപടി വന്നപ്പോൾ അതിനെ ചോദ്യം ചെയ്യാൻ സിപിഎമ്മിന് മറ്റൊന്ന് ആലോചിക്കേണ്ടി വന്നില്ല. പല സംസ്ഥാനങ്ങളിലും ബിജെപിക്കെതിരെ അണിനിരക്കാൻ ആരൊക്കെ തയ്യാറുണ്ടോ, ബിജെപിയെ എതിർക്കാൻ ആരൊക്കെ ഇപ്പോൾ തയ്യാറുണ്ടോ അവരെയെല്ലാം ആ സംസ്ഥാനത്ത് അണിനിരത്തണം. ഇങ്ങനെ വന്നാൽ ബിജെപിയെ വലിയ തോതിൽ പരാജയപ്പെടുത്താൻ കഴിയുമെന്ന് പിണറായി വിജയൻ പറഞ്ഞു.
തിരഞ്ഞെടുപ്പിന് ശേഷം രൂപീകരിക്കേണ്ട സർക്കാർ എങ്ങനെ വേണമെന്ന് അപ്പോൾ ആലോചിക്കണം. ഈ വിശാല സമീപനം കോൺഗ്രസ് സ്വീകരിക്കുമോ എന്നാണ് കാണേണ്ടതെന്നും പിണറായി പറഞ്ഞു.
ശ്രീരാമക്ഷേത്രം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് അതിലൂടെ വലിയ ഒരു വികാരം വളർത്തിയെടുക്കാനാണ് ബിജെപി നോക്കുന്നതെന്നും പിണറായി പറഞ്ഞു. ഇനിയും ഇത്തരം സംഘർഷാവസ്ഥ വളരാനാണ് പോകുന്നതെന്നും പിണറായി പറഞ്ഞു. ഈസ്റ്റർ ദിനത്തിൽ ബിജെപി നടത്തിയ ഗൃഹസമ്പർക്ക പരിപാടിയെയും പിണറായി വിമർശിച്ചു.
Discussion about this post