ബംഗളൂരു : നിക്കോളാസ് പൂരന്റെ തകർപ്പൻ ബാറ്റിംഗിൽ വിജയം പിടിച്ചു വാങ്ങി ലഖ്നൗ സൂപ്പർ ജയന്റ്സ്. ജയിക്കാൻ 213 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ജയന്റ്സ് മാർകസ് സ്റ്റോയിനിസിന്റെയും നിക്കോളാസ് പൂരന്റെയും ഉജ്ജ്വല ബാറ്റിംഗ് മികവിലാണ് വിജയ ലക്ഷ്യം കണ്ടെത്തിയത്.
23 റൺസിന് 3 വിക്കറ്റ് നഷ്ടമായ ജയന്റ്സിനെ ബാറ്റിംഗ് വെടിക്കെട്ട് നടത്തിയാണ് സ്റ്റോയ്നിസ് കളിയിലേക്ക് തിരിച്ച് കൊണ്ടു വന്നത്. പതിനൊന്നാം ഓവറിൽ സ്കോർ 99 ൽ നിൽക്കേ സ്റ്റോയിനിസ് പുറത്തായി. 30 പന്തിൽ ആറ് ബൗണ്ടറികളും അഞ്ച് സിക്സറുകളും പറത്തിയ സ്റ്റോയിനിസ് 65 റൺസെടുത്തു. സ്കോർ 105 ൽ നിൽക്കെ കെ.എൽ രാഹുലും പുറത്തായി. നികോളാസ് പൂരൻ – ആയുഷ് ബദോണി സഖ്യം ഒന്ന് ചേർന്നതോടെ റൺസ് പ്രവഹിക്കാൻ തുടങ്ങി.
ചലഞ്ചേഴ്സ് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച നിക്കോളാസ് പൂരൻ 15 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച് ടൂർണമെന്റിൽ ഏറ്റവും വേഗത്തിൽ അർദ്ധ സെഞ്ച്വറി തികയ്ക്കുന്ന താരമായി. സ്കോർ 189 ൽ നിൽക്കെ മൊഹമ്മദ് സിറാജിന്റെ ഫുൾടോസ് പന്ത് സ്ക്വയർ ലെഗ്ഗിലേക്ക് പറത്തിയ പൂരനു പിഴച്ചു. ഷഹബാസ് അഹമ്മദിന്റെ ക്യാച്ചിൽ 62 റൺസെടുത്ത പൂരൻ പുറത്തായി. 19 പന്തിൽ നാലു ബൗണ്ടറികളും ഏഴ് പടുകൂറ്റൻ സിക്സറുകളും പറത്തിയതിനു ശേഷമാണ് പൂരൻ പവലിയൻ കയറിയത്.
പത്തൊൻപതാം ഓവറിൽ നാലാം പന്ത് ബദോണി ഫൈൻ ലെഗിൽ ബൗണ്ടറി നേടിയെങ്കിലും ബാറ്റ് സ്റ്റമ്പിൽ തട്ടി ഹിറ്റ് വിക്കറ്റായി. അവസാന ഓവറിൽ അഞ്ച് പന്തിൽ ജയിക്കാൻ നാല് റൺസ് എന്ന നിലയിൽ നിൽക്കെ മാർക്ക് വുഡ് ഹർഷൽ പട്ടേലിന്റെ പന്തിൽ ക്ലീൻ ബൗൾഡായി. പകരമെത്തിയ രവി ബിഷ്ണോയ് അടുത്ത രണ്ട് പന്തുകളിൽ മൂന്ന് റൺസ് നേടി കളി സമനിലയിലാക്കി. അഞ്ചാം പന്തിൽ ഉനദ്കട്ട് ഡുപ്ലസിസിന്റെ കയ്യിൽ ഒതുങ്ങി. അവസാന പന്ത് എറിയാനെത്തിയ പട്ടേൽ മങ്കാദിംഗിനു ശ്രമിച്ചെങ്കിലും അമ്പയർ ഔട്ട് വിളിച്ചില്ല. അവസാന പന്ത് ബാറ്റിൽ കൊള്ളിക്കാൻ കഴിഞ്ഞില്ലെങ്കിലും ആവേശ് ഖാൻ ഒരു റൺസ് ഓടിയെടുത്തതോടെ ഒരു വിക്കറ്റിന് ജയന്റ്സ് ജയിക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത രോയൽ ചലഞ്ചേഴ്സ് മുൻനിര ബാറ്റർമാരുടെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ 2 വിക്കറ്റ് നഷ്ടത്തിൽ 212 റൺസാണ് നേടിയത്. വിരാട് കോഹ്‌ലി 44 പന്തിൽ 61 ഉം ഡുപ്ലസിസ് 46 പന്തിൽ 79 ഉം റൺസെടുത്ത് പുറത്താകാതെ നിന്നു . അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഗ്ലെൻ മാക്സ്‌വെല്ലിന്റെ 29 പന്തിൽ നേടിയ 59 റൺസാണ് റോയൽ ചലഞ്ചേഴ്സിനെ 200 കടത്തിയത്.
Discussion about this post