കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം തെലുങ്ക് താരം യാഷും കൊച്ചിയിലേക്ക്. കൊച്ചിയിൽ സംഘടിപ്പിക്കുന്ന യുവം 2023 പരിപാടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രിക്കൊപ്പം താരവും എത്തുന്നത്. ഏപ്രിൽ 24 ന് പരിപാടി നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.
യുവജനതയ്ക്കായി സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിൽ സിനിമാ താരങ്ങളും പങ്കെടുക്കുന്നത് കൂടുതൽ ഊർജ്ജമേകുമെന്നാണ് നിഗമനം. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയും പരിപാടിയിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തും.
കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി യുവാക്കളുമായി നേരിട്ട് സംവദിക്കും. എറണാകുളം തേവര എസ്എച്ച് കോളേജ് ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. തേവരയിൽ നടക്കുന്ന റോഡ് ഷോയിലും പ്രധാനമന്ത്രി പങ്കെടുക്കും. സംസ്ഥാനത്തിന് രണ്ട് വന്ദേഭാരത് ട്രെയിനുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട പ്രഖ്യാപനവും അദ്ദേഹം നടത്തുമെന്നാണ് വിവരം. 24ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി പരിപാടിക്ക് ശേഷം കർണാടകയിലേക്ക് തിരിക്കും.
നേരത്തെ ഏപ്രിൽ 25 ന് പരിപാടി നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ കർണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കേണ്ടതിനാൽ പരിപാടി നേരത്തെയാക്കുകയായിരുന്നു.
Discussion about this post