തിരുവനന്തപുരം : യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പോലീസുകാരനുൾപ്പെടെ മൂന്നുപേർക്ക് പത്തുവർഷം കഠിനതടവ് വിധിച്ച് കോടതി. പോലീസുകാരനായ ചൂഴാറ്റുകോട്ട, നിരപ്പുവിള ആശ്രയ വീട്ടിൽ അഭയൻ (47), പാപ്പനംകോട് എസ്‌റ്റേറ്റ് കല്ലുവെട്ടാംകുഴി വാറുവിളാകത്ത് ഷാന മൻസിലിൽ സച്ചു എന്ന സജാദ്(33), വിളവൂർക്കൽ, ചൂഴാറ്റുകോട്ട, വിളയിൽക്കോണം സെറ്റിൽമെന്റ് ലക്ഷംവീട് കോളനി ശ്രീജിത്ത് ഭവനിൽ ശ്രീജിത്ത്(32), എന്നിവരെയാണ് അസി. സെഷൻസ് ജഡ്ജി ബീബിനാ നാഥ് ശിക്ഷിച്ചത്. വിവാഹിതയായ സ്ത്രീയെ സ്നേഹം നടിച്ച് വശീകരിച്ച് കൂട്ടബലാത്സംഗം ചെയ്ത കേസിലാണ് വിധി. ഇത് കൂടാതെ പ്രതികൾ 50,000 രൂപ വീതം പിഴയും അടയ്ക്കണം.
2016-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നാം പ്രതിയായ സജാദ് ആശുപത്രിയിൽവെച്ചാണ് യുവതിയെ പരിചയപ്പെടുന്നത്. തുടർന്ന് ഇവർ അടുപ്പത്തിലായി. രണ്ടാം പ്രതി ശ്രീജിത്തും പിന്നീട് ഇവരുടെ സുഹൃത്തായി. ഈ സുഹൃദ് ബന്ധം ഉപയോഗിച്ച് 2016 നവംബർ 25-ന് രാവിലെ 10.30ന് സജാദും ശ്രീജിത്തും ചേർന്ന് യുവതിയെ പോലീസുകാരനായ അഭയന്റെ ചൂഴാറ്റുകോട്ടയിലെ വീട്ടിൽ എത്തിച്ചു. ഇവിടെവെച്ച് യുവതിയെ മൂന്നുപേരും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നരുവാമൂട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഈ കേസിൽ പീഡനത്തിന് ഇരയായ യുവതി പരാതി പിൻവലിച്ചെന്നു പറഞ്ഞ് പ്രതികൾ കേസ് റദ്ദാക്കാനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ റിപ്പോർട്ടിൽ യുവതി പരാതി പിൻവലിച്ചിട്ടില്ലെന്നു വ്യക്തമാക്കിയതിനെത്തുടർന്ന് പ്രതികളുടെ ഹർജി തള്ളിക്കളഞ്ഞു. ഇതിന് പിന്നാലെയാണ് തടവ് ശിക്ഷ വിധിച്ചത്.
Discussion about this post