ആലപ്പുഴ: വന്ദേഭാരത് എക്‌സ്പ്രസിന് കായംകുളത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകി ഇടത് എംപി എഎം ആരിഫ് . കായംകുളത്ത് സ്റ്റോപ്പ് അനുവദിച്ചാൽ ആലപ്പുഴ ജില്ലയുടെ വടക്കൻ മേഖലകളിലേക്ക് യാത്ര ചെയ്യേണ്ടവർക്ക് വലിയ സഹായമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകിയത്. റെയിൽവെ ബോർഡ് ചെയർമാൻ, ദക്ഷിണ റെയിൽവെ ജനറൽ മാനേജർ എന്നിവർക്കും ഇക്കാര്യം ആവശ്യപ്പെട്ട് ആരിഫ് എംപി കത്ത് നൽകിയിട്ടുണ്ട്.
തിരുവനന്തപുരം-കണ്ണൂർ റൂട്ടിൽ സർവീസ് ആരംഭിക്കുന്ന വന്ദേഭാരത് എക്സ്പ്രസ്സിന് കൊല്ലത്തിനു ശേഷം കോട്ടയത്തുമാത്രമാണ് സ്റ്റോപ്പ് അനുവദിക്കുക എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. ആലപ്പുഴ ജില്ലയിലെയും പാർലമെന്റ് മണ്ഡലത്തിലെയും പ്രധാന റെയിൽവേ ജംഗ്ഷനാണ് കായംകുളം. ഭൂരിഭാഗം എക്‌സ്പ്രസ് ട്രെയിനുകൾക്കും ഇവിടെ സ്റ്റോപ്പുണ്ട്. കായംകുളത്ത് സ്റ്റോപ്പ് അനുവദിച്ചാൽ ആലപ്പുഴ ജില്ലയുടെ വടക്കൻ മേഖലകളിലേയ്ക്കും കിഴക്കൻ മേഖലകളിലേയ്ക്ക് യാത്രചെയ്യേണ്ട യാത്രക്കാർക്ക് സഹായകരമാകും. ഇതിന് പുറമേ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി കായംകുളം സ്റ്റേഷൻ നവീകരിക്കാനിരിക്കുകയാണ് എന്ന കാര്യവും ശ്രദ്ധയിൽപ്പെടുത്തുന്നുവെന്നും ആരിഫ് എംപി കത്തിൽ വ്യക്തമാക്കുന്നു.
വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തിൽ എത്തിയതിന് പിന്നാലെ കൂടുതൽ സ്റ്റോപ്പുകൾ വേണമെന്ന ആവശ്യം ശക്തമാകുകയാണ്. ഇന്നലെ ചെങ്ങന്നൂരിൽ സ്റ്റോപ്പ് വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. തിരുവനന്തപുരം മുതൽ കണ്ണൂർവരെ സർവ്വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസിന് നിലവിൽ എട്ട് സ്റ്റോപ്പുകളാണ് ഉള്ളത്.
Discussion about this post