അങ്കമാലി: ശമ്പളം നൽകാത്ത സർക്കാരിന്റെയും കെഎസ്ആർടിസി മാനേജ്‌മെന്റിന്റെയും അനാസ്ഥയ്‌ക്കെതിരെ വിഷു ദിനത്തിൽ സ്റ്റാൻഡിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ. കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ അങ്കമാലി ഡിപ്പോയിലായിരുന്നു ഗതികെട്ട് ജീവനക്കാർ ഭിക്ഷാപാത്രവുമായി സമരത്തിന് ഇറങ്ങിയത്.
ഡിപ്പോയിൽ കെഎസ്ആർടിസി വാടകയ്ക്ക് നൽകിയ കടകളിലാണ് ഭിക്ഷാപാത്രവുമായി പ്രതിഷേധ പ്രകടനമായി എത്തി ജീവനക്കാർ ഭിക്ഷ യാചിച്ചത്. ശമ്പളമെവിടെ പിണറായി എന്ന് ചോദിച്ചായിരുന്നു പ്രതിഷേധം.
വിഷുവിന് ശമ്പളം ആവശ്യപ്പെട്ട് ദിവസങ്ങളായി കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ വിവിധ ഡിപ്പോകളിൽ ജീവനക്കാർ പ്രതിഷേധങ്ങൾ നടത്തിയിരുന്നു. ഇതിനൊടുവിലാണ് ഇന്ന് ജീവനക്കാർ പിച്ചച്ചട്ടിയുമായി തെരുവിൽ ഇറങ്ങിയത്.
ശമ്പളം എന്ന് കിട്ടുമെന്ന് പോലും അറിയാത്ത സ്ഥിതിയാണെന്ന് ജീവനക്കാർ പറയുന്നു. ശമ്പളം ഗഢുക്കളാക്കി നൽകാൻ നീക്കം നടത്തിയെങ്കിലും ഇതും പാളുകയായിരുന്നു. ശമ്പള വിതരണത്തെക്കുറിച്ച് മാനേജ്‌മെന്റോ മന്ത്രിയോ ഒന്നും പ്രതികരിച്ചിട്ടില്ല.
Discussion about this post