ഇടുക്കി: മിഷൻ അരിക്കൊമ്പന് വേണ്ടി എത്തിച്ച കുങ്കിയാനകളെ ചിന്നക്കനാലിൽ നിന്നും മാറ്റിയേക്കും. കുങ്കിയാനകൾ നിലവിൽ ക്യാംപ് ചെയ്യുന്ന സിമന്റ് പാലത്തുള്ള സ്വകാര്യ എസ്റ്റേറ്റിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുന്ന സാഹചര്യത്തിലാണ് നടപടി. മിഷൻ അരിക്കൊമ്പൻ ദൗത്യത്തിന്റെ ഭാഗമായി നാല് കുങ്കിയാനകളെയാണ് ഇവിടെയെത്തിച്ചിരിക്കുന്നത്.
ആനകളെ എത്തിച്ചതിന് പിന്നാലെ നിരവധി പേരാണ് ഇവയെ സന്ദർശിക്കാൻ എത്തുന്നത്. ഈ തിരക്ക് എസ്റ്റേറ്റിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സം ഉണ്ടാക്കുന്നുണ്ട്. ഇതിന് പുറമേ കുങ്കിയാനകൾക്ക് സമീപം കാട്ടാനകൾ ചുറ്റിത്തിരിയുന്നുണ്ട്. ഇതും ആനകളെ ഇവിടെ നിന്നും മാറ്റാനുള്ള കാരണമാണ്. ശാന്തൻപാറയിലെ ഗൂഡംപാറ എസ്റ്റേറ്റിലേക്ക് ആയിരുന്നു ആനകളെ പാർപ്പിക്കുക.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥർ ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു. റോഡിൽ നിന്നും അര കിലോമീറ്റർ അകലെയാണ് ഈ എസ്‌റ്റേറ്റ്. അതിനാൽ സന്ദർശകരുടെ തിരക്ക് ഒഴിവാക്കാനാകും. കാട്ടാനകളുടെ വരവിനെയും ഭയക്കേണ്ട. അരിക്കൊമ്പനെ പിടികൂടുന്ന ദിവസം ആനകളെ ചിന്നക്കനാലിൽ എത്തിക്കും.
Discussion about this post