കണ്ണൂർ: കേരളത്തിന് വന്ദേഭാരത് ട്രെയിൻ അനുവദിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. എങ്കിലും വന്ദേഭാരത് കെ- റെയിലിന് ബദലാകില്ല. പുതിയ ട്രെയിനുകൾ കേരളത്തിന്റെ അവകാശമാണെന്നും, മറിച്ച് ഔദാര്യമല്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ധർമ്മടത്ത് പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റെയിൽവേയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. അതിനാൽ പുതിയ ട്രെയിനുകൾ നൽകി മേഖലയെ പരിപോഷിക്കേണ്ടത് കേന്ദ്രത്തിന്റെ ഉത്തരവാദിത്വമാണ്. എന്നാൽ ഇത് കേന്ദ്രം ചെയ്യുന്നില്ല. കാലങ്ങൾക്ക് ശേഷമാണ് കേരളത്തിന് ഒരു തീവണ്ടി ലഭിക്കുന്നത്.
വന്ദേഭാരതിന് കേരളത്തിൽ പരിമിതിയുണ്ട്. കേരളത്തിലെ റെയിൽവേ ട്രാക്കുകൾ വന്ദേഭാരതിന് അനുയോജ്യമല്ല. ജനശബതാബ്ദി എക്‌സ്പ്രസിന്റെ വേഗതയിൽ മാത്രമേ നിലവിൽ തീവണ്ടിയ്ക്ക് സഞ്ചരിക്കാൻ കഴിയൂ. കേന്ദ്രം അവകാശപ്പെടുന്ന വേഗം ലഭിക്കണമെങ്കിൽ ട്രാക്കിലെ വളവുകൾ നികത്തണം. ഇതിന് ഒരു 10 വർഷമെങ്കിലും എടുക്കും. ഇതിന് ഭീമമായ തുക ചിലവ് വരും എന്നതാണ് മറ്റൊരു പ്രശ്‌നം.
വന്ദേഭാരത് കെ-റെയിലിന് പകരമാകില്ല. 20 മിനിറ്റ് ഇടവിട്ടാണ് കെ-റെയിൽ സർവ്വീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇത് ജനങ്ങളുടെ യാത്രാ ദുരിതം പരിഹരിക്കും. വളരെ ചുരുങ്ങിയ സമയം കൊണ്ട് കേരളത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് പോകാൻ കഴിയും. ഇത് പോലുള്ള പദ്ധതികൾക്ക് കേരളത്തിന് അനിവാര്യമാണെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
Discussion about this post