ന്യൂഡൽഹി: അരിക്കൊമ്പൻ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഹർജി തള്ളി സുപ്രീം കോടതി. ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ മാറ്റണമെന്ന ഹൈക്കോടതി വിധിക്കെതിരായ ഹർജിയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് അടിയന്തിരമായി കേൾക്കുകയും ഹർജി തള്ളുകയും ചെയ്തത്. അരിക്കൊമ്പൻ ഉപദ്രവകാരിയായ ആനയാണെന്നും അതിനാൽ മയക്കുവെടി വച്ച് പിടികൂടി കൂട്ടിലടയ്ക്കാൻ അനുവദിക്കണമെന്നും സംസ്ഥാന സർക്കാറിന്റെ അഭിഭാഷകർ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്മേലാണ് ഹൈക്കോടതി വിധി എന്നിരിക്കെ ഇതിൽ സുപ്രീം കോടതിക്ക് ഒന്നും ചെയ്യാനില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
സംസ്ഥാനത്തിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജാണ് ഹാജരായത്. പുനരധിവാസം വെല്ലുവിളിയാണ്, അരിക്കൊമ്പനെ കോടനാട് ആനപരിശീലന കേന്ദ്രത്തിലേക്ക് മാറ്റണം തുടങ്ങിയ നിലപാടുകൾ കേരളം സുപ്രീം കോടതിയിലും ആവർത്തിച്ചു. പറമ്പിക്കുളത്തേക്ക് ആനയെ മാറ്റുന്നത് പ്രയോഗികമല്ലെന്നും സംസ്ഥാനം കോടതിയെ അറിയിച്ചിരുന്നു. സംസ്ഥാനം അഭിമുഖീകരിക്കുന്നത് വലിയ വിഷയമാണെന്ന് പറഞ്ഞെങ്കിലും ഹർജി കോടതി തള്ളുകയായിരുന്നു.
ഉന്നത സർക്കാർ ഉദ്യോഗസ്ഥർ കൂടിയടങ്ങുന്ന വിദഗ്ധ സമിതിയാണ് ഈ ശുപാർശ നൽകിയത്. അതിൽ ഇടപെടില്ലെന്നും സുപ്രീംകോടതി പറഞ്ഞു. ആനയെ പിടിക്കാൻ അനുവാദം വേണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും ആരാണ് പറമ്പിക്കുളത്തേക്ക് മാറ്റാമെന്ന് നിർദ്ദേശിച്ചതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. അരിക്കൊമ്പൻ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെ പിന്തുണച്ചുകൊണ്ടുള്ള മറ്റൊരു ഹർജിയും സുപ്രീം കോടതിയുടെ പരിഗണനയിൽ വന്നിട്ടുണ്ട്. ആ ഹർജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യം നാളെ ബെഞ്ചിന് മുൻപാകെ ഉന്നയിക്കാൻ ചീഫ് ജസ്റ്റിസ് അനുമതി നൽകിയിട്ടുണ്ട്.
Discussion about this post