കോഴിക്കോട് : സിൽവർ ലൈനിൽ കൂറ്റനാട് നിന്ന് അപ്പം കൊണ്ട് പോയി കൊച്ചിക്ക് വിൽക്കാമെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് വന്ദേഭാരത് സ്വീകരണത്തിനിടെ വീണ്ടും ട്രോൾ . കോഴിക്കോട് വന്ദേ ഭാരത് ട്രെയിനെ സ്വീകരിച്ച ബിജെപി പ്രവർത്തകർ അപ്പം വിതരണം ചെയ്തു. ഗോവിന്ദപ്പം ഗോവിന്ദപ്പം എന്ന് വിളിച്ചു പറഞ്ഞു കൊണ്ടായിരുന്നു അപ്പം വിതരണം. നേരത്തെ കോട്ടയത്തും ബിജെപി പ്രവർത്തകർ അപ്പം വിതരണം ചെയ്തിരുന്നു.
വന്ദേഭാരത് എക്സ്പ്രസിൽ എത്തിയ ഉദ്യോഗസ്ഥർക്കും ലോക്കോ പൈലറ്റ് ഉൾപ്പെടെയുള്ളവർക്കും അപ്പം നൽകി സ്വീകരിച്ചു. വന്ദേഭാരത് എക്സ്പ്രസിൽ കണ്ണൂരിലേക്ക് അപ്പം കൊടുത്തുവിടുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ഇതിനിടയിൽ ട്രെയിൻ എത്തിയപ്പോൾ അപ്പം വിതരണം നടത്തുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് ആറു മണിക്കൂറും ഏഴ് മിനിറ്റുമെടുത്താണ് വന്ദേഭാരത് കോഴിക്കോടെത്തിയത്.
അതേസമയം അപ്പത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ചയില്ലാതെ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നെന്നായിരുന്നു എം.വി ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്. വന്ദേഭാരത് പിറ്റേ ദിവസമാണ് എത്തുന്നതെന്നും അപ്പം കേടാകുമെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി. അപ്പം കൊണ്ടു പോയി വിൽക്കണമെങ്കിൽ സിൽവർ ലൈനല്ലാതെ വേറെ വഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post