കോഴിക്കോട്: വന്ദേഭാരത് എന്തിനാണ് ഒന്നിൽ ഒതുക്കിയതെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അദ്ധ്യക്ഷനും രാജ്യസഭാ എംപിയുമായ എഎ റഹീം. കേരളത്തോട് എന്തിനാണ് അവഗണനയെന്നും വന്ദേഭാരത് തീവണ്ടി വൈകിപ്പോയെന്ന് സൂചിപ്പിച്ച് റഹീം പറഞ്ഞു. വൈകി തരുന്നു, ലുബ്ധിച്ചു തരുന്നു. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് കൂടുതൽ ട്രെയിൻ തായോ എന്നായിരുന്നു റഹീമിന്റെ വാക്കുകൾ.
ഇനിയും കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ വരണം. കെ റെയിൽ ഒരിക്കലും വന്ദേഭാരതിന് പകരമല്ല.
കേരളത്തിന്റെ മുഖാകൃതിയാകെ മാറ്റിവരയ്ക്കുന്ന പദ്ധതിയാണ്. അതും ഇതുമായി താരതമ്യം ചെയ്യാനാകില്ലെന്നും എഎ റഹീം പറഞ്ഞു.
വന്ദേഭാരതിന്റെ വരവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എഎ റഹീം. വന്ദേഭാരത് കൊണ്ടുവന്നത് ബിജെപിക്കാരാണെങ്കിൽ വൈകിയതിനും ഉത്തരവാദികൾ അവരല്ലേ എന്ന റഹീമിന്റെ വാക്കുകൾ നിലവിൽ ട്രോളൻമാർ ഏറ്റെടുത്തിട്ടുണ്ട്. അതിനൊപ്പമാണ് എന്തിനാണ് ലുബ്ധിച്ച് വന്ദേഭാരത് ട്രെയിൻ നൽകുന്നതെന്ന പരാതി.
വന്ദേഭാരത് ട്രെയിനുകൾ ഓരോ പാതയിലും അതിന്റെ ക്ഷമതാ പരിശോധന ഉൾപ്പെടെ പൂർത്തിയാക്കിയ ശേഷമാണ് അനുവദിക്കുന്നത്. ഇത്തരം സർവ്വീസുകൾ നടത്താനാകുന്ന പ്രത്യേക പാതകൾ തിരഞ്ഞെടുത്താണ് ട്രെയിനുകൾ അനുവദിക്കുന്നത്. മാത്രമല്ല കോച്ചുകളുടെ നിർമാണം പൂർത്തിയാകുന്ന മുറയ്ക്കാണ് ഓരോ പാതകളിലും മുൻഗണന അനുസരിച്ച് സർവ്വീസുകൾ അനുവദിക്കുന്നതും. ഈ യാഥാർത്ഥ്യങ്ങൾ മനസിലാക്കാതെയാണ് റഹീമിന്റെ പ്രതികരണം.
Discussion about this post