ന്യൂഡൽഹി: ഐ എൻ എക്സ് മീഡിയ അഴിമതി കേസിൽ കോൺഗ്രസ് എം പി കാർത്തി ചിദംബരത്തിന്റെ 11.04 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കർണാടകയിലെ കൂർഗിലെ വസ്തുവകകളും കണ്ടുകെട്ടിയവയിൽ പെടുന്നു. തമിഴ്നാട്ടിലെ ശിവഗംഗയിൽ നിന്നുമുള്ള എം പിയാണ് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകനായ കാർത്തി.
യുപിഎ സർക്കാരിൽ പി ചിദംബരം ധനകാര്യ മന്ത്രിയായിരുന്ന സമയത്ത് ക്രമവിരുദ്ധമായി ഐ എൻ എക്സ് മീഡിയയുമായി ബന്ധപ്പെട്ട് വിദേശ നിക്ഷേപം സ്വീകരിച്ച കേസിലാണ് ഇഡിയുടെ നടപടി. വിദേശ നിക്ഷേപത്തിന് അനുമതി നൽകുന്നതിന്റെ മറവിൽ ചിദംബരവും കാർത്തിയും കള്ളപ്പണം വെളുപ്പിച്ചു എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
വിദേശ നിക്ഷേപം സ്വീകരിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതിനായി ചിദംബരത്തിന്റെ ഉപദേശ പ്രകാരം കാർത്തി കടലാസ് കമ്പനികൾ സ്ഥാപിച്ചു എന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഐ എൻ എക്സ് മീഡിയ കേസിൽ 2019 ഓഗസ്റ്റിൽ സിബിഐ പി ചിദംബരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതേ വർഷം ഒക്ടോബറിൽ കള്ളപ്പണ കേസിൽ ഇഡിയും ചിദംബരത്തെ അറസ്റ്റ് ചെയ്തിരുന്നു.
2007 ചിദംബരവും കാർത്തിയും ചേർന്ന് നടത്തിയത് 305 കോടി രൂപയുടെ അഴിമതിയാണെന്ന് 2017ൽ സിബിഐ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ കേസ് ഫയൽ ചെയ്തത്.
Discussion about this post