മൂന്നാർ: വാങ്ങുന്ന ശമ്പളത്തിന് കൂറില്ലാത്തവരാണ് ഫോറസ്റ്റുകാരെന്ന് എംഎം മണി എംഎൽഎ. മൂന്നാറിൽ വനംവകുപ്പ് സംഘടിപ്പിച്ച വനസൗഹൃദ സദസിലാണ് പൊതുവേദിയിൽ പ്രസംഗിക്കവേ വനും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ എംഎം മണി അവരെ അടച്ചാക്ഷേപിക്കുന്ന പരാമർശം നടത്തിയത്.
വനം വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ നോട്ടീസിൽ പേര് വെക്കാത്തതിന്റെ പേരിൽ വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് അരിക്കൊമ്പൻ വിഷയത്തിൽ എംഎം മണി ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിനെതിരെ തിരിഞ്ഞത്. ഈ നാട്ടിലെ ജനങ്ങളോട് ഇത്രയും കൂറില്ലാത്ത നമ്മുടെ നികുതി പണം ശമ്പളം വാങ്ങിക്കുന്ന ഒരു വിഭാഗമാണ് ഫോറസ്റ്റുകാരെന്ന് എംഎം മണി പറഞ്ഞു. ഓരോന്ന് പറയുമ്പോൾ 80 ലെ വനസംരക്ഷണ നിയമം മണ്ണാങ്കട്ട എന്നെല്ലാം പറഞ്ഞ് അതിനോടാണ് അവർക്ക് കൂറ്.
ആത്മപരിശോധന നടത്തണം.
അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതിയിൽ കേസ് വന്നതുപോലും ഫോറസ്റ്റുകാർ ചെയ്യിച്ചതാണ്. അല്ലാതെ എങ്ങനെ വന്നു. സർക്കാർ തീരുമാനം ശരിയായിരുന്നു. ശല്യമുണ്ടാക്കുന്ന അരിക്കൊമ്പനെ പിടിച്ച് മര്യാദക്കാരനാണ് സർക്കാർ ശ്രമിച്ചത്. അതിനെതിരെ കേസിന് പോയത് തന്നെ ഒരു ഗൂഢാലോചനയാണ്. സാമാന്യബുദ്ധി എല്ലാവർക്കും ഉണ്ടല്ലോയെന്നും എംഎം മണി പറഞ്ഞു.
ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പരിപാടി വനം വികസിപ്പിക്കുവാണ്. വഴി വെട്ടാൻ പോലും സമ്മതിക്കുകില്ല. ഉളള വനം സംരക്ഷിക്കൂ. ഞാൻ ഇവിടെ വന്നിട്ട് 68 കൊല്ലമായി. അപ്പോ ഈ ആന ഇല്ല. ഇത് എവിടുന്ന് വരുന്നതാ? മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നതാ. അതിന് ഫോറസ്റ്റ് ഉദ്യോഗസ്ഥൻമാർക്ക് പങ്കുണ്ട്.
പടയപ്പയും അരിക്കൊമ്പനുമൊക്കെ എവിടുന്ന് വന്നുവെന്നാ. കടുവയുടെ ശബ്ദം കേട്ടാൽ ആന ഓടുമെന്നാ… അന്യസംസ്ഥാനങ്ങളിൽ നിന്ന് അവര് വിരട്ടുന്നുണ്ട് ആന ഇങ്ങോട്ട് വരുമ്പോൾ ഇവിടെ ഫോറസ്റ്റുകാർ സംരക്ഷണം നൽകുകയാണ്. ഇവരുടെ ചെല്ലപ്പിളളയാണെന്ന് തോന്നുന്നു ആന എംഎം മണി പറഞ്ഞു. സർക്കാർ ശാസ്ത്രീയമായി പരിശോധിക്കണമെന്നും എംഎം മണി ആവശ്യപ്പെട്ടു.
Discussion about this post