റോഡ് നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ആർട്ടിഫിഷൻ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിച്ചിരിക്കുകയാണ്. വ്യാഴാഴ്ച മുതൽ ഇത് പ്രവർത്തിച്ച് തുടങ്ങും. ഗതാഗത ലംഘനം കണ്ടുപിടിക്കാൻ എഐ ക്യാമറകൾ പ്രവർത്തിച്ച് തുടങ്ങുന്നതോടെ നൂറുകൂട്ടം സംശയങ്ങളാണ് ജനങ്ങൾക്കുള്ളത്.
ക്യാമറ വരുന്നത് കൊണ്ട് സാധാരണക്കാരായ ജനങ്ങൾക്ക് യാതൊരു ആശങ്കയും വേണ്ടെന്നും,ഗതാഗത ലംഘനം നടത്താതിരുന്നാൽ മതിയെന്നും ഗതാഗത കമ്മീഷണർ എസ് ശ്രീജിത്ത് വ്യക്തമാക്കിയിരിക്കുകയാണ്.
ഗതാഗതലംഘനത്തിന് ഐഎ ക്യാമറകൾ മുഖേന പിഴയീടാക്കുമ്പോൾ മുഖ്യമന്ത്രിയ്ക്കും മറ്റ് മന്ത്രിമാരുൾപ്പെടുന്ന വിഐപികൾക്കും ഇത് ബാധകമാണോ എന്ന് സാധാരണക്കാർക്ക് അറിയേണ്ടതുണ്ട്. നിയമത്തിലും പിഴയിലും ഇളവുണ്ടോയെന്നതാണ് സംശയം.
വിഐപികൾക്ക് പ്രത്യേക പരിഗണനയൊന്നും നൽകില്ലെങ്കിലും എമർജൻസി വാഹനങ്ങൾക്ക് ഇളവുണ്ടായിരിക്കും. മുകളിൽ ബീക്കൺ ലൈറ്റ് വെച്ച് പോകുന്ന വാഹനങ്ങളെയാണ് എമർജൻസി വാഹനങ്ങളായി കാണുന്നത്. പ്രത്യേകമായിട്ടുള്ള ആവശ്യങ്ങൾ ഉള്ളവരാണ് ഈ വിഭാഗം. അവർക്ക് ഈ നിയമം ബാധകമല്ല. ആംബുലൻസുകൾ, പോലീസ് വാഹനങ്ങൾ എന്നിവയെല്ലാം അതിൽ വരും. വളരെ വേഗത്തിൽ, ഔദ്യോഗിക ആവശ്യങ്ങൾക്കായി പോകേണ്ട വാഹനങ്ങൾ ഈ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരില്ല. മന്തിമാരും, മുഖ്യമന്ത്രിയുമെല്ലാം ഇതിൽ വരും. എന്നാൽ ഇവരെല്ലാം സ്വകാര്യമായി പോകുന്ന ഒരു വാഹനത്തിന് യാതൊരു ഇളവും ഉണ്ടായിരിക്കുന്നതല്ലെന്ന് എസ് ശ്രീജിത്ത് വ്യക്തമാക്കുന്നു.
ഹെൽമെറ്റില്ലാതെ വാഹനമോടിക്കുന്നത്, ഒരു ഇരു ചക്രവാഹനത്തിൽ മൂന്ന് പേർ യാത്ര ചെയ്യുന്നത്, ഫോൺ ഉപയോഗിച്ച് വാഹനമോടിക്കുന്നത്, റെഡ് ലൈറ്റ് മറികടന്ന് പോകുന്നത്, സീറ്റ് ബെൽറ്റിടാതെ വാഹനമോടിക്കുന്നത് തുടങ്ങിയ കാര്യങ്ങളിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
Discussion about this post