കോൽക്കത്ത: മമത ബാനർജിക്കെതിരായ ആക്രമണം കടുപ്പിച്ച് സുവേന്ദു അധികാരി. മമതയെ മുഖ്യമന്ത്രികസേരയിൽ നിന്ന് ഇറക്കി മുൻ മുഖ്യമന്ത്രിയാക്കുമെന്നും ഇല്ലെങ്കിൽ താൻ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്നുമാണ് സുവേന്ദു അധികാരിയുടെ പ്രഖ്യാപനം. ഇതിനായി ദിവസങ്ങൾ എണ്ണിക്കോളാനും അദ്ദേഹം വെല്ലുവിളിച്ചു.
വാർത്താസമ്മേളനത്തിലായിരുന്നു സുവേന്ദു അധികാരിയുടെ വെല്ലുവിളി. അമിത് ഷാ ബംഗാളിൽ കലാപം ഉണ്ടാക്കാൻ ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടുവെന്ന് മമത കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാൽ ഇക്കാര്യം തെളിയിക്കാൻ എന്തെങ്കിലും ഒരു തെളിവ് നൽകാൻ സുവേന്ദു അധികാരി മമതയെ വെല്ലുവിളിച്ചു.
രാമനവമിക്ക് മുൻപ് മമത നടത്തിയ പ്രകോപന പ്രസംഗത്തിന്റെ പേരിൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കുന്നതായിരുന്നു ആ പ്രസംഗമെന്നും സുവേന്ദു അധികാരി പറഞ്ഞു.
2011 മുതൽ മമത ഒത്തുതീർപ്പ് ഇടപാടുകളിലൂടെയാണ് സർക്കാരിനെ മുൻപോട്ടു കൊണ്ടുപോകുന്നത്. ഇപ്പോഴാണ് മമത യഥാർത്ഥ പ്രതിപക്ഷം എന്തെന്ന് അറിയുന്നതെന്നും സുവേന്ദു അധികാരി പറഞ്ഞു. കളളൻമാർ ജയിലിലേക്കാണ് പോകേണ്ടത്. ശാരദാ കേസിൽ ഉൾപ്പെടെ മമതയ്ക്ക് പങ്കുണ്ടെന്നും ആരും മുഖ്യമന്ത്രിയെ രക്ഷിക്കാനെത്തില്ലെന്നും സുവേന്ദു അധികാരി പറഞ്ഞു.
Discussion about this post