തിരുവനന്തപുരം: വെള്ളനാട് കിണറ്റിൽ വീണ കരടിയെ മയക്കുവെടി വച്ച സംഭവത്തിൽ നടപടിക്രമങ്ങൾ പാലിക്കുന്നതിലും വീഴ്ചയെന്ന് ആരോപണം. മുങ്ങാൻ സാദ്ധ്യതയുള്ള ജീവികളെ മയക്കുവെടി വയ്ക്കരുതെന്ന നിർദ്ദേശം പാലിക്കപ്പെട്ടില്ല. മുങ്ങാൻ സാധ്യതയുള്ള ജീവികൾ, ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കാൻ സാദ്ധ്യതയുള്ള ജീവികൾ, നദിക്കരയ്ക്ക് സമീപത്തായുള്ള ജീവികൾ എന്നിവയെ മയക്കുവെടി വയ്ക്കരുതെന്നാണ് വനംവകുപ്പിന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ.
രണ്ടാമതായി മയക്കുവെടി ഏൽക്കുന്ന ജീവി, അപകട സാഹചര്യത്തിലേക്ക് നീങ്ങുകയാണെന്ന് തോന്നിയാൽ മറുമരുന്ന് പ്രയോഗിക്കാം. ജീവിയെ വെടിവയ്ക്കുന്നതിന് മുൻപ് കൃത്യമായ നിരീക്ഷണം, മുന്നൊരുക്കം എന്നിവ ആവശ്യമാണ്. മയക്കുവെടി വയ്ക്കുന്ന വിദഗ്ധൻ ജീവിയെ സമയമെടുത്ത് നിരീക്ഷിക്കണം. അക്കാര്യത്തിലും വെളളനാട് വീഴ്ചയുണ്ടായി എന്നാണ് നിഗമനം.
സാഹചര്യങ്ങൾക്കും ജീവികൾക്കും അനുസരിച്ച് നടപടിക്രമങ്ങളിൽ മയക്കുവെടി വിദഗ്ധന് മാറ്റം വരുത്താനുള്ള അനുവാദമുണ്ട്. ഇദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചായിരിക്കണം അനുബന്ധ നടപടിക്രമങ്ങൾ. എന്നാൽ വെള്ളനാട് ഈ സാവകാശം ഒന്നും പാലിച്ചിട്ടില്ലെന്ന് വെറ്റിനറി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം കിണറിൽ വീണ കരടി ചത്ത സംഭവത്തിൽ വനം വകുപ്പിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പീപ്പിൾസ് ഫോർ ആനിമൽ സംഘടന. കിണറ്റിൽ വീണ കരടി ചത്തത് വനം വകുപ്പിന്റെ അനാസ്ഥ മൂലമാണെന്നാണ് സംഘടന ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നാളെത്തന്നെ ഹൈക്കോടതിയിൽ ഹർജി നൽകുമെന്നാണ് വിവരം.
Discussion about this post