തിരുവനന്തപുരം: മഴ ലഭിച്ചിട്ടും സംസ്ഥാനത്ത് ശമനമില്ലാതെ ചൂട്. വേനലിന്റെ കാഠിന്യം വർദ്ധിക്കുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പാലക്കാട്, കണ്ണൂർ, തൃശൂർ ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്. നിലവിൽ ഈ ജില്ലകളിലെ പലയിടങ്ങളിലും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
പാലക്കാട് ജില്ലയിലാണ് ചൂട് കൂടുതൽ. കഴിഞ്ഞ ദിവസം ജില്ലയിലെ നാല് ഇടങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട് രേഖപ്പെടുത്തി. തൊട്ടുപിന്നാലെ 39 ഡിഗ്രിയുമായി തൃശ്ശരും കണ്ണൂരുമുണ്ട്. വരും ദിവസങ്ങളിലും ചൂട് കൂടാനാണ് സാദ്ധ്യതയുള്ളത്. കൊല്ലത്ത് വരും ദിവസങ്ങളിൽ താപനിലയിൽ വലിയ വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രവചനം. ജില്ലയിലെ താപനില 39 ഡിഗ്രിവരെ ഉയർന്നേക്കാം. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, തൃശൂർ ജില്ലകളിലും സമാന സാഹചര്യം തുടരും. സാധാരണ നിലയിൽ നിന്നും താപനില രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് കണക്കാക്കുന്നത്.
അതേസമയം വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അങ്ങനെയെങ്കിൽ ചൂടിന് നേരിയ ആശ്വാസം ഉണ്ടായേക്കാമെന്നാണ് കരുതുന്നത്. കാലാവസ്ഥാ മാറ്റത്തിനനുസരിച്ച് അധികൃതരുടെ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നാണ് ജനങ്ങൾക്ക് നൽകിയിരിക്കുന്ന കർശന നിർദ്ദേശം.
Discussion about this post