ബംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ടിൽ നിന്ന് വെള്ളം തുടച്ചുനീക്കുന്നയാളുടെ വീഡിയോയാണ് ഇപ്പോൾ സമൂഹാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. റോഡിന് സമീപം വെച്ചിരുന്ന കട്ടൗട്ട് മഴയത്ത് നനഞ്ഞിരുന്നു. ഇതോടെ ഇയാൾ തുണിയുമായി വന്ന് ചിത്രത്തിൽ നിന്ന് വെള്ളം തുടച്ച് നീക്കുകയായിരുന്നു. ഈ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന ചോദ്യത്തിന് മോദിജി തനിക്ക് ദൈവത്തെ പോലെയാണെന്നാണ് അയാൾ പറഞ്ഞത്. ”ഇതെല്ലാം എന്റെ വിശ്വാസമാണ്. മോദിജി എനിക്ക് ദൈവത്തെപ്പോലെയാണ്. ഇത് ചെയ്യാൻ ആരും എനിക്ക് പണം നൽകിയിട്ടില്ല” അയാൾ പറഞ്ഞു.
224 സീറ്റുകളിലേക്കുള്ള കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10 നാണ് നടക്കുക. മെയ് 13 നാണ് വോട്ടെണ്ണൽ. കടുത്ത രാഷ്ട്രീയ പോരാട്ടമാണ് ഇത്തവണ നടക്കാനിരിക്കുന്നത്.രണ്ടാം തവണയും അധികാരം നേടുമെന്ന ഉറച്ച ആത്മവിശ്വാസത്തോടെയാണ് ബിജെപി പോരിനിറങ്ങുന്നത്. ജനവിധി തേടുന്ന കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അസമിലെ ഹിമന്ത ബിശ്വ ശർമ, മദ്ധ്യപ്രദേശിൽ നിന്ന് ശിവരാജ് സിംഗ് ചൗഹാൻ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവർ പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തും.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി, ധനമന്ത്രി നിർമ്മല സീതാരാമൻ, കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ, ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ എന്നിവരും പ്രചാരണത്തിന് ഇറങ്ങുന്നുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മൂന്ന് ദിവസത്തെ കർണാടക സന്ദർശനത്തിലാണ്.
Discussion about this post