അയിരൂർ: 35 വർഷം സിപിഎം കുത്തകയാക്കി ഭരിക്കുന്ന വാർഡിൽ രണ്ട് പെൺമക്കളെയും കൊണ്ട് ജീവിതഭാരം പേറി കഴിയുന്ന ഒരു അച്ഛന് തലചായ്ക്കാൻ വീടില്ല. ഒടുവിൽ സേവാഭാരതി ആ ദു:ഖം കണ്ടു. സുമനസുകളുടെ സഹായത്തോടെ വീടൊരുങ്ങി. സനൽകുമാറിനും രണ്ട് പെൺമക്കൾക്കും ഇനി പുതിയ വീട്ടിൽ താമസിക്കാം. തിങ്കളാഴ്ച രാവിലെ 9.14 ന് സേവാഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി ഡി വിജയൻ വീടിന്റെ താക്കോൽ സനൽകുമാറിനും കുടുംബത്തിനും കൈമാറും.
അയിരൂർ പുത്തേഴം പാറേൽപോട്ടനേൽ വീട്ടിൽ സനൽ കുമാറിനും കുടുംബത്തിനുമാണ് സർക്കാർ സംവിധാനങ്ങൾ കണ്ണടച്ചപ്പോൾ സേവാഭാരതി കൈത്താങ്ങ് ആയത്. സനൽകുമാറിന്റെ മകൻ ജന്മനാ തളർച്ചയിലായിരുന്നു. മകനെ 15 വർഷത്തോളം ചികിത്സിച്ചെങ്കിലും മൂന്നു വർഷം മുൻപ് മരിച്ചു. ഭാര്യ ശ്രീജയും 6 മാസം മുൻപ് രോഗം ബാധിച്ച് മരിച്ചു. അദ്ധ്വാനിയാണെങ്കിലും ജീവിത പ്രതിസന്ധികൾക്കിടയിൽ സനൽകുമാറിന് വീടെന്ന ആഗ്രഹം സ്വപ്‌നമായി തുടർന്നു.
സംസ്ഥാനത്തെ അതിദാരിദ്ര്യം മാറ്റാൻ പ്രതിജ്ഞയെടുത്ത സർക്കാരിന്റെ കണ്ണിൽ സനൽകുമാറിന് വീട് നൽകാതിരിക്കാൻ ഒരു കാരണം മാത്രമേ ഉണ്ടായിരുന്നുളളൂ. ഇദ്ദേഹത്തിന്റെ അച്ഛൻ ഗോപിച്ചേട്ടൻ എന്ന് നാട്ടുകാർ വിളിക്കുന്ന പരേതനായ ഗോപി ബിജെപിയുടെ അനുഭാവി ആയിരുന്നു. ആ ഒറ്റക്കാരണം കൊണ്ട് അർഹതയുണ്ടായിട്ടും ആനുകൂല്യം നിഷേധിക്കപ്പെട്ടു.
വീടിനായി 15 വർഷമായി സനൽ അപേക്ഷ നൽകി കാത്തിരുന്നു. ഭാര്യയുടെ മരണശേഷം രണ്ടു പെണ്മക്കളെയും കൂട്ടി സഹോദരിയുടെ വീട്ടിലേക്ക് താമസം മാറി. ഒരു മുറിയും അടുക്കളയും ചെറിയ ഒരു ഹാളും ആയി പരിമിത സാഹചര്യങ്ങൾ ഉള്ള വീട്ടിൽ 8 പേരടങ്ങുന്ന 2 കുടുംബങ്ങളാണ് കഴിഞ്ഞുവന്നത്. ഈ സാഹചര്യത്തിലാണ് സനലിന്റെ കണ്ണീരൊപ്പാനും മക്കൾക്ക് നല്ല ഭാവി സ്വപ്‌നം കാണാൻ ആത്മവിശ്വാസം നൽകാനും സേവാഭാരതി രംഗത്തെത്തുന്നത്.
സനലിന്റെ പെൺമക്കളിൽ ഒരാൾ ഫുൾ എ പ്ലസ് മാർക്ക് വാങ്ങിയാണ് പത്താം ക്ലാസ് പാസായത്. ഇപ്പോൾ പ്ലസ് ടുവിന് പഠിക്കുന്നു. ഇളയ മകൾ എട്ടാം ക്ലാസിൽ പഠിക്കുന്നു. ജില്ലാ കാര്യകാരി അംഗം രജീഷ് ആണ് സനലിന്റെ വീടിന് തറക്കല്ലിട്ടത്. ഒരു സംഘം ചെറുപ്പക്കാരും സുമനസുകളും ഒപ്പം ചേർന്നതോടെ പണി ദ്രുതഗതിയിൽ പൂർത്തിയായി. ആ വീട്ടിലേക്കാണ് സനൽ തിങ്കളാഴ്ച കുട്ടികളുടെ കൈ പിടിച്ച് കയറുന്നത്.
Discussion about this post